‘വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെടുമെന്ന് കാന്തപുരം മുന്‍കൂട്ടി അറിഞ്ഞിരുന്നു’; വിചിത്രവാദവുമായി കാന്തപുരത്തിന്റെ ശിഷ്യന്‍

യു.എസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേരത്തെ അറിഞ്ഞിരുന്നെന്ന അവകാശവാദവുമായി അദ്ദേഹത്തിന്റെ ശിഷ്യന്‍. കാന്തപുരത്തിന്റെ അടുത്ത ശിഷ്യനും മതപണ്ഡിതനുമായ അബ്ദുള്‍ റഷീദ് സഖാഫി പത്തപ്പീരിയത്തിന്റെ പ്രസംഗം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രസംഗത്തിലാണ് ഇങ്ങനെ പറയുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് അടുത്ത ശിഷ്യന്മാരുമായി അമേരിക്ക സന്ദര്‍ശിച്ച കാന്തപുരം വിസ തീരാന്‍ മൂന്നുദിവസം ബാക്കി നില്‍ക്കെ തിരിച്ചുവരണമെന്ന് വാശിപിടിക്കുകയായിരുന്നു. മൂന്നുദിവസം കൂടെ കഴിഞ്ഞ് തിരികെ പോകാനായിരുന്നു ടിക്കറ്റ് എടുത്തത്. എന്നാല്‍ അന്നുതന്നെ തിരിച്ചുപോകണമെന്ന് ശിഷ്യന്‍മാര്‍ക്കു മുമ്പില്‍ കാന്തപുരം വാശി പിടിക്കുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. തുടര്‍ന്ന് കാന്തപുരവും അനുയായികളും പെട്ടെന്നു തന്നെ നാട്ടിലേക്കു മടങ്ങി. അതിന്റെ പിറ്റേദിവസത്തെ പത്രങ്ങളുടെ പ്രധാന തലക്കെട്ട് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടുവെന്നതായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഇതിനു പിന്നാലെ താടിയും തലപ്പാവും വെച്ചവരെ യു.എസില്‍ തെരഞ്ഞെടുപിട്ട് പൊലീസ് ഉപദ്രവിക്കുകയാണുണ്ടായത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കാന്തപുരം തിരിച്ചുപോന്നതെന്നാണ് അബ്ദുള്‍ റഷീദ് സഖാഫി പറയുന്നത്. ഇത് കാന്തപുരത്തിന്റെ കറാമത്തിന്റെ (ദിവ്യജ്ഞാനം) തെളിവാണെന്നും അദ്ദേഹം പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top