മാത്യു. ടി തോമസിന് മന്ത്രിസ്ഥാനം നഷ്ടമായി; കെ. കൃഷ്ണന്‍കുട്ടി പുതിയ മന്ത്രി

ജനതാദള്‍ (എസ്) ല്‍ മന്ത്രിസ്ഥാനം വച്ചുമാറുന്നു. മാത്യു ടി. തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ പുതിയ മന്ത്രിയാക്കാന്‍ ദേശീയ നേതൃത്വം തീരുമാനമെടുത്തു. ജനതാദള്‍ എസ് സെക്രട്ടറി ഡാനിഷ് അലി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ ധാരണ പ്രകാരമാണ് മന്ത്രിസ്ഥാനം കൈമാറുന്നത്. രണ്ടര വര്‍ഷക്കാലം മന്ത്രിയായിരുന്ന മാത്യു ടി തോമസിന് പകരം കെ. കൃഷ്ണന്‍കുട്ടി മന്ത്രിസ്ഥാനം ഏറ്റെടുക്കും. എല്‍.ഡി.എഫ് കണ്‍വീനറെ ജെ.ഡി.എസ് നേതൃത്വം ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം മാത്യു ടി. തോമസ് അംഗീകരിച്ചതായി ഡാനിഷ് അലി അറിയിച്ചു. ചിറ്റൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കെ. കൃഷ്ണന്‍കുട്ടി. ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് കൃഷ്ണന്‍കുട്ടി. എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ജലസേചന വകുപ്പാണ് മാത്യു ടി തോമസ് കൈക്കാര്യം ചെയ്തിരുന്നത്. മന്ത്രിസ്ഥാനം കൈമാറുന്നതുമായി ബന്ധപ്പെട്ട് ജനതാദള്‍ എസില്‍ ഭിന്നത നിലനിന്നിരുന്നു. ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ സംസ്ഥാന നേതാക്കളെ ബംഗളൂരുവിലേക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഈ ചര്‍ച്ചയിലാണ് ഔദ്യോഗിക നേതൃത്വം മാത്യു. ടി. തോമസിനോട് മന്ത്രിസ്ഥാനം കൈമാറാന്‍ ആവശ്യപ്പെട്ടത്.
പാർട്ടിയിലെ ധാരണപ്രകാരം തന്നെയാണ് മാത്യു ടി.തോമസ് മന്ത്രിസ്ഥാനം ഒഴിയുന്നത്. പാർട്ടിയിലെ ചർച്ച പ്രകാരമെടുത്ത തീരുമാനമാണിത്. മുമ്പും പാർട്ടി പറയുന്ന തീരുമാനമനുസരിച്ച് മാത്യു ടി.തോമസ് സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. യോഗ്യതയുള്ള ആളെത്തന്നെയാണ് പകരം മന്ത്രിയാക്കിയിരിക്കുന്നത്. കർഷകപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടയാളാണ് കെ.കൃഷ്ണൻകുട്ടി. മുൻപ് കെ.കൃഷ്ണൻകുട്ടി ജയിച്ചപ്പോഴൊക്കെ എൽഡിഎഫ് പ്രതിപക്ഷത്തായിരുന്നു. മനുഷ്യത്വപരമായുള്ള കണക്കുകൂട്ടലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ തീരുമാനിക്കുന്നത്.” ഡാനിഷ് അലി പറഞ്ഞു.
മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഏറെക്കാലമായി പാർട്ടിക്കകത്ത് ആവശ്യം ഉയര്‍ന്നിരുന്നു. പകരം കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. ദേശീയ നേതൃത്വത്തോട് പലപ്പോഴായി സംസ്ഥാനഘടകം ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന ഭാരവാഹി യോഗവും ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി ദേവഗൗഡക്ക് നല്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം വൈകുകയായിരുന്നു. വിഷയത്തെച്ചൊല്ലി സംസ്ഥാനത്ത് തർക്കം മൂർച്ഛിക്കുന്നതിനിടെയാണ് പ്രശ്നം ചർച്ച ചെയ്യാന്‍ നേതാക്കളായ കെ. കൃഷ്ണന്‍കുട്ടി, സി.കെ നാണു, മാത്യു ടി തോമസ് എന്നിവരെ ദേവഗൗഡ കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് വിളിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here