‘ജലീല്‍ രാജിവെക്കില്ല’; അണിയറയില്‍ സിപിഎം – ലീഗ് ധാരണ

സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് (ട്വന്റിഫോര്‍)

വിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി ജലീലിന്റെ രാജി ഒഴിവാക്കാൻ സിപിഎം – ലീഗ് രഹസ്യ ധാരണ. ഓരോ ദിവസവും ജലീലിനെതിരെ പുതിയ ആരോപണങ്ങൾ യൂത്ത് ലീഗ് മുന്നോട്ടുവെക്കുമ്പോഴാണ് അണിയറയിൽ സിപിഎം – ലീഗ് ധാരണ രൂപപ്പെട്ടത്. സിപിഎം സംസ്ഥാന നേതൃത്വത്തിലെ രണ്ട് നേതാക്കൾ പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ജലീലിനെതിരായ നീക്കം ലീഗ് മയപ്പെടുത്തിയത്. ജലീലിന്റെ വിശ്വസ്തരും കുഞ്ഞാലിക്കുട്ടിയെ രഹസ്യമായി സന്ദർശിച്ചു സഹായം തേടി.

സിപിഎം – ലീഗ് ധാരണ പ്രകാരം, യൂത്ത് ലീഗ് ജലീലിനെതിരെ നടത്തുന്ന പ്രചരണം തുടരും. നിയമസഭയിലും ജലീലിനെതിരെ വിമർശനം ഉണ്ടാകും. എന്നാൽ ലീഗിലെ മുതിർന്ന നേതാക്കൾ രാജിക്കാര്യം നേരിട്ട് ഉന്നയിക്കില്ല. നിയമസഭയിൽ ജലീലിനെതിരെ പരിധിവിട്ട ആക്രമണം വേണ്ടെന്ന് ലീഗ് എംഎൽഎമാരിൽ പലർക്കും നിർദ്ദേശമുണ്ട്. ലീഗ് എംഎൽഎമാരുടെ ആക്രമണം തണുപ്പിക്കാൻ ജലീൽ നേരിട്ടിറങ്ങുകയും ചെയ്തു. പഴയ സഹപ്രവർത്തകർ കൂടിയായ ലീഗ് എംഎൽഎമാരിൽ ചിലരെ ജലീൽ നേരിൽ കണ്ടു. മുസ്‌ലിം ലീഗിൽ ജലീലിനെതിരെ കർക്കശ നിലപാട് തുടരുന്നത് നിയമസഭാ കക്ഷി നേതാവ് എംകെ മുനീറും, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദുമാണ്. കുഞ്ഞാലിക്കുട്ടിയിലൂടെ മജീദിനെ മെരുക്കാൻ ജലീൽ വിശ്വസ്തർക്ക് കഴിഞ്ഞു. മുനീർ പക്ഷേ പിടി കൊടുത്തിട്ടില്ല. ചില സമുദായ സംഘടനാ നേതാക്കൾ മുഖേന മുനീറിനെ മയപ്പെടുത്താൻ ജലീൽ നടത്തിയ ശ്രമവും വിജയം കണ്ടില്ല.

അതേസമയം പാണക്കാട് കുടുംബത്തിന് ജലീലുമായി നല്ല ബന്ധമല്ല ഉള്ളത്. പാണക്കാട് കുടുംബത്തെപ്പറ്റി ജലീൽ നടത്തിയ പരാമർശങ്ങളിൽ അവർക്ക് കടുത്ത അതൃപ്തിയുണ്ട്. ജലീലിനെതിരായ ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് മുനവറലി ശിഹാബ് തങ്ങൾ 24 ന്യൂസിനോട് പറഞ്ഞു.

കുഞ്ഞാലിക്കുട്ടി – സിപിഎം ധാരണയെ പറ്റി യൂത്ത് ലീഗിന് അറിവുണ്ടെങ്കിലും അറിയാത്ത ഭാവത്തിൽ വിമർശനം തുടരാനാണ് ഫിറോസിനെ പോലുള്ള നേതാക്കളുടെ തീരുമാനം. ജലീൽ രാജിവെച്ചാൽ അതിന് കാരണക്കാരനായ പി.കെ ഫിറോസ് പാർട്ടിയിൽ കൂടുതൽ സ്വീകാര്യനും ശക്തനും ആകുമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കൾ കണക്കുകൂട്ടുന്നു. ജലീലിനോട് സന്ധി ചെയ്ത് ഫിറോസിന്റെ വളർച്ച തടയുക എന്ന ദ്വിമുഖ തന്ത്രം പയറ്റുകയാണ് ലീഗ് നേതൃത്വത്തിലെ പ്രബലവിഭാഗം. ലീഗിലെ കിടമത്സരവും കുഞ്ഞാലിക്കുട്ടി – സിപിഎം ധാരണയും ജലീലിനെ തത്ക്കാലം സുരക്ഷിതനാക്കുന്നു.

മാത്രമല്ല, ജനതാദള്‍ എസ് മന്ത്രിയായിരുന്ന മാത്യു ടി. തോമസ് രാജിവെക്കുന്നതിനൊപ്പം മറ്റൊരു മന്ത്രി കൂടി രാജിവെച്ചാല്‍ അത് ഇടതുപക്ഷ മുന്നണിക്കും സിപിഎമ്മിനും ക്ഷീണമാകുമെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ജലീലിന്റെ മന്ത്രിസ്ഥാനം തെറിക്കാതിരിക്കുക എല്‍.ഡി.എഫിനും അത്യാവശ്യമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top