സിബിഐ കേസ് തുടര്‍വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി

സിബിഐ ഡയറക്ടറെ മാറ്റി നിര്‍ത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള തെരഞ്ഞെടുപ്പ് സമിതിയുടെ അവകാശമുണ്ടോ എന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് എതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കെയാണ് കോടതിയുടെ പരാമര്‍ശം. നിയമിക്കാനും മാറ്റാനുമുള്ള അധികാരം തെരഞ്ഞെടുപ്പ് സമിതിക്ക് മാത്രമാണെന്ന് അലോക് വര്‍മയുടെ അഭിഭാഷകന്‍ വാദിച്ചു. സിബിഐ ഡയറക്ടറെ നിയമിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും പേരുകള്‍ ശിപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമാണ് തെരഞ്ഞെടുപ്പ് സമിതിക്ക് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിലെ നിയമപരമായ പ്രശ്‌നങ്ങളില്‍ ഊന്നിയായിരുന്നു സിബിഐ കേസിലെ ഇന്നത്തെ വദങ്ങള്‍. അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ ഫാലി.എസ്.നനരിമാന്‍ രണ്ട് കാര്യങ്ങളാണ് ഇതില്‍ മുന്നോട്ട് വെച്ചത്. സിബിഐ ഡയറക്ടറുടെ കാലവധി രണ്ട് വര്‍ഷമാക്കി വിനീത് നാരായണ്‍ കേസില്‍ സുപ്രീകോടതി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കപ്പെട്ടു. സിബിഐ ഡയറക്ടറെ നിയമിക്കുന്നത് പ്രധാനമന്ത്രി അധ്യക്ഷനും ലോകസഭാ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും അംഗങ്ങളായ തെരഞ്ഞെടുപ്പ് സമിതിയാണ്. ഈ സമിതിയുടെ അനുമതിയില്ലാതെ അലോക് വര്‍മ്മയെ നീക്കിയത് നിയമ വിരുദ്ധമാണ്.

ReadMore> സി.ബി.ഐ ഡയറക്ടറുടെ നിശ്ചിത കാലാവധി രണ്ട് വര്‍ഷം; അലോക് വര്‍മയുടെ ഹര്‍ജി പരിഗണിക്കുന്നു http://www.twentyfournews.com/2018/11/29/cbi-case-at-supreme-court.html

ഈ വാദങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് സിബിഐ ഡയറക്ടറെ നീക്കാന്‍ തെരഞ്ഞെടുപ്പ് സമിതിയുടെ അനുമതി അവശ്യമുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോടതി പറഞ്ഞത്. അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്ന് മാറ്റിയുള്ള സി.വി.സി ഉത്തരവ് നിയമവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും കപില്‍ സിബലും വാദിച്ചു. അഴിമതി കേസുകളിലെ മേല്‍നോട്ടത്തിനുള്ള അധികാരം മാത്രമാണ് സിബിഐക്ക് മേല്‍ സിവിസിക്കുള്ളൂ എന്നും ഇവര്‍ വാദിച്ചു.

ഈ വാദങ്ങളെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ എതിര്‍ത്തു. സിബിഐ ഡയറക്ടറെ നിയമിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമാണ്. പേരുകള്‍ നിര്‍ദ്ദേശിക്കാനുള്ള അധികാരം മാത്രമേ തെരഞ്ഞെടുപ്പ് സമിതിക്കുള്ളൂ എന്ന് എ.ജി വാദിച്ചു. സിവിസിക്ക് സിബിഐയുടെ എല്ലാ കാര്യത്തിലും മേല്‍നോട്ട ചുമതല ഉണ്ട്. സിബിഐയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ് കേന്ദ്ര സര്ക്കാര് ഇടപെട്ടത് എന്നും എ.ജി വാദിച്ചു. എ.ജിയുടെ തുടര്‍ വാദത്തിനായി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top