Advertisement

കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം

December 7, 2018
Google News 0 minutes Read
k surendran get bail

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി  കെ സുരേന്ദ്രന്  ഹൈക്കോടതി ജാമ്യം  അനുവദിച്ചു. സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.  കര്‍ശന ഉപാധികളോടെയാണ് ജാമ്യം.  പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് പേരുടെ ആള്‍ ജാമ്യം വേണം.  പുറമെ രണ്ട് ലക്ഷത്തിന്റ ബോണ്ടും  പാസ്പോര്‍ട്ടും കെട്ടിവയ്ക്കണം. സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും കോടതി താക്കീത് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 21 ദിവസമായി സുരേന്ദ്രന്‍ ജയിലിലാണ്. ഇന്നലെ കേസിൽ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ സുരേന്ദ്രന് എന്ത് അധികാരമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. ശബരിമലയില്‍ ചിത്തിര ആട്ട വിളക്ക് സമയത്ത് പ്രശ്നമുണ്ടാക്കാന്‍ പോയ സുരേന്ദ്രന്‍റെ നടപടി ന്യായീകരിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമാർശം.

ജാമ്യം ലഭിച്ചതിനാല്‍ കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും. മറ്റ് കേസുകളില്‍ ജാമ്യം ലഭിച്ചുവെങ്കിലും ഈ കേസില്‍ ജാമ്യം ലഭിക്കാഞ്ഞതിനാല്‍ ജയിലില്‍ കഴിയേണ്ടി വരികയായിരുന്നു.

ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. സുരേന്ദ്രന്‍ ജാമ്യത്തിലിറങ്ങിയാല്‍ ശബരിമലയില്‍ കലാപത്തിന് ശ്രമിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എങ്കിലും ഉപാധികളോടെ ജാമ്യം നല്‍കാം എന്ന് ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് എന്തൊക്കെ ഉപാധികള്‍ ഉള്‍പ്പെടുത്തണം എന്ന് അഭിപ്രായം ആരാഞ്ഞപ്പോഴാണ് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കോടതി അത് അംഗീകരിക്കുകയും ചെയ്തു. രണ്ട് ലക്ഷം രൂപയുടെ ജാമ്യത്തുകയും സുരേന്ദ്രന്‍ കെട്ടിവയ്ക്കണം. ഹൈക്കോടതി ഉപാധിയോടെ ശബരിമല ദര്‍ശനം സുരേന്ദ്രന് സാധ്യമാകില്ലെന്ന് ഉറപ്പായി..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here