Advertisement

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുകയാണെന്ന് സീതാറാം യെച്ചൂരി

December 8, 2018
Google News 1 minute Read
yechuri

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് കാലിലെ മണ്ണ് ഒലിച്ച് പോകുകയാണെന്ന്  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വാര്‍ത്താ ചാനല്‍ ’24’ന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് പിപി ജെയിംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സീതാറാം യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. “ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് കാലിന് ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ കാലിന് അടിയിലെ മണ്ണ് നഷ്ടപ്പെടുന്നത് ഞാന്‍ കാണുന്നുണ്ട്. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനേയും ബിജെപിയേയും പിന്തുണയ്ക്കേണ്ട കാര്യം കോണ്‍ഗ്രസിന് ഇല്ല” യെച്ചൂരി പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടാണ് സിപിഎമ്മിന്. ഇത് ബിജെപിയെ പരോക്ഷമായി സഹായിക്കുന്നതായി ആരോപണം ഉണ്ട്?

ഈ വിഷയത്തില്‍ ആര്‍എസ്എസിനേയും ബിജെപിയേയും പിന്തുണയ്ക്കേണ്ട കാര്യം സിപിഎമ്മിനില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് പറയാന്‍ കഴിയില്ല. എന്നാല്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് കാലിന് അടിയിലെ മണ്ണ് നഷ്ടപ്പെടുന്നത് ഞാന്‍ കാണുന്നുണ്ട്. കോണ്‍ഗ്രസ് ആദ്യം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു. ഇത് രാഹുല്‍ഗാന്ധി പരസ്യമായി പറഞ്ഞതുമാണ്. എന്നാല്‍ കേരളത്തിലെ പ്രാദേശിക നേതൃത്വം ദേശീയ നേതൃത്വത്തെ ധിക്കരിക്കുകയാണ്, എന്ത് തരം സംഘടനയാണിത്? അവര്‍ക്ക് ബിജെപിയുടെതൊഴികെ ഏതെങ്കിലും നിലപാട് എടുത്ത് മുന്നോട്ട് പൊയ്ക്കൂടേ? ബിജെപി രണ്ടാമതായി എന്താണ് പറഞ്ഞത്, അവര്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയല്ലേ ഉണ്ടായത്? ഇപ്പോള്‍ അവര്‍ എന്താണ് ചെയ്യുന്നത്? ആദ്യത്തെ നിലപാട് ആണോ ഇപ്പോള്‍.

ഏതെങ്കിലും തരത്തിലുള്ള വിശ്വാസത്തിന്റേയോ മതഭക്തിയുടേയോ പേരില്‍ ഇന്ത്യയുടെ ഭരണഘടന അട്ടിമറിയ്ക്കാനാകില്ല

ഒട്ടേറ സുപ്രീം കോടതി വിധികള്‍ കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ ഒരു വിധി നടപ്പിലാക്കാന്‍ അമിതമായ താത്പര്യം ഉണ്ടോ?
സുപ്രീം കോടതി വിധികള്‍ നടപ്പിലാക്കാതെ ഒരു സര്‍ക്കാറിനും അധികാരത്തില്‍ തുടരാനാകില്ല. നമ്മുടെ ഭരണഘടയനുസരിച്ച് അത്തരം സാഹചര്യങ്ങളില്‍ ഒരു സര്‍ക്കാറിനും തുടരാനാകില്ല. കേരളസര്‍ക്കാര്‍ ചെയ്യുന്നത് സുപ്രീം കോടതിയുടെ ഒരു വിധി നടപ്പിലാക്കുക മാത്രമാണ്. അതേ സമയം ബിജെപിയുടെ ഇരട്ടത്താപ്പ് നോക്കൂ.. മുത്തലാഖിന്റെ വിഷയം വന്നപ്പോള്‍ അവരെടുത്ത നിലപാട് എന്താണ്? അതുമായി ബന്ധപ്പെട്ട നിയമം കൊണ്ട് വന്നപ്പോള്‍ അതിന്റെ ഏകപക്ഷീയമായ സ്വഭാവത്തേയും അത് തത്ക്ഷണം നടപ്പാക്കുന്നതിനേയും സിപിഎം എതിര്‍ത്തിരുന്നു.

മുത്തലാഖ് നിയമാനുസൃതമല്ല എന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നിട്ടും ബിജെപിയ്ക്ക് അതുമായി ബന്ധപ്പെട്ട നിയമം ഉണ്ടാക്കണമെന്ന് നിര്‍ബന്ധമായിരുന്നു. ഈ വിഷയത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ അത് സെലക്റ്റ് കമ്മിറ്റിയ്ക്ക് വിടണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. കാരണം അതിന് മറ്റ് പല വിവക്ഷകളും ഉണ്ടായിരുന്നു. എന്നാല്‍ അത് ചെയ്യുന്നതിന് പകരം ഒരു ഓര്‍ഡിനന്‍സ് കൊണ്ട് വരികയാണ് ചെയ്തത്.

ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ മുസ്ലീം സ്ത്രീകള്‍ക്ക് തുല്യ അവകാശമുണ്ടെങ്കില്‍ ഹിന്ദു സ്ത്രീകള്‍ക്ക് അതില്ലേ? അപ്പോള്‍ ബിജെപി മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു, എന്നാല്‍ ഹിന്ജു സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നില്ല. അവരുടെ ഇരട്ടത്താപ്പ് പിടികിട്ടിയില്ലേ? മനുഷ്യരുടെ മതപരമായ വികാരമോ വിശ്വാസമോ സംരക്ഷിക്കുന്നതിന് വേണ്ടിയല്ല ബിജെപി ഇത്രയൊക്കെ ചെയ്ത് കൂട്ടുന്നത്.

കേരളത്തില്‍ ഉയര്‍ന്നുവരുന്ന പ്രധാന ആരോപണം പിണറായി വിജയനും സിപിഎമ്മും ബിജെപിയ്ക്കും ആര്‍എസ്എസിനും അവസരം പരോക്ഷമായി നല്‍കുന്നു എന്നാണ്, അതൊരു രാഷ്ട്രീയ തന്ത്രമാണെന്നാണാ ആരോപണം
അത് അവാസ്തവമായ ആരോപണമാണ്. എന്താണ് വോട്ട് ബാങ്ക് രാഷ്ട്രീയം? എന്താണ് കേരളത്തിലെ സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്?സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സുപ്രീം കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ നിങ്ങള്‍ ഏത് ഭരണഘടനയ്ക്ക് കീഴിലാണോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ആ ഭരണഘടനയെ ദുര്‍ബലമാക്കുകയല്ലേ? സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്ന് പറയാനാകില്ല അതുപോലെ എന്തിനാണ് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നത് എന്നും പറയാനാകില്ല. പുനഃപരിശോധന ഹര്‍ജിയ്ക്ക് അവസമുണ്ടല്ലോ.. നിരവധി ഹര്‍ജികള്‍ വരികയും ചെയ്തു. ശബരിമലയിലെ വസ്തുതകള്‍ കേള്‍ക്കാന്‍ കോടതി ഒരു തീയ്യതി തീരുമാനിച്ചിട്ടുണ്ട്. എന്ത് കൊണ്ട് അതുവരെ കാത്തിരുന്നുകൂടാ?

sitharam-yechuri
ശബരിമലയില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു, എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരം അറസ്റ്റ് ചെയ്തതുമില്ല, അറസ്റ്റ് ഒഴിവാക്കിയത് പിണറായി സര്‍ക്കാറിന്റെ തന്ത്രമാണെന്ന് പറയുന്നു

എനിക്ക് അതിനെകുറിച്ചൊന്നും അറിയില്ല. എന്നെയും പാര്‍ട്ടിയേയും സംബന്ധിച്ചിടത്തോളം ഭരണഘടനാപരമായ കടമ നിറവേറ്റുക എന്നതാണ് പ്രധാനം. സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ അത് സുപ്രീം കോടതി വിധി ലംഘിക്കുകയാണെന്ന് പറയും. വിധി നടപ്പിലാക്കിയാല്‍ അത് ജനങ്ങളുടെ വിശ്വാസത്തെ ആക്രമിക്കലാണെന്ന് പറയും. ഇതുകൊണ്ടൊന്നും അവര്‍ക്ക് ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ല.

yechuri

അപ്പോള്‍ ശബരിമല വിഷയത്തില്‍ കേന്ദ്ര നേതൃത്വം പൂര്‍ണ്ണമായും സംസ്ഥാന നേതൃത്വത്തെ പിന്തുണയ്ക്കുന്നുവെന്നാണോ?
അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്ന പ്രശ്നം വരുന്നേയില്ല. ഞങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു യോഗം വിളിച്ചിരുന്നു. അവര്‍ പ്രതികരിച്ചില്ല. പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു ലക്ഷ്യമെങ്കില്‍ അവര്‍ യോഗത്തിന് വരണമായിരുന്നു. എന്നാല്‍ അവര്‍ക്ക് ഒരു പരിഹാരം ആവശ്യമില്ലായിരുന്നു. ധ്രുവീകരണമായിരുന്നു അവരുടെ ലക്ഷ്യം.

ശബരിമലയിലെ അക്രമങ്ങളെ കണ്ട ആദ്യ ദിവസം തന്നെ ഞാന്‍ പരസ്യമായി പറഞ്ഞത് ഇതെന്ന ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നത് എന്നാണ്. കാവിതലക്കെട്ടുകളും മറ്റും. അവര്‍ വിശ്വസികളാണെന്ന് ഞാന്‍ വിശ്വസിക്കണോ?

സിപിഎമ്മിന് വലിയ അവസരങ്ങള്‍ ലഭിച്ചതാണ്, ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ജ്യോതിബസുവിന് അവസരം ലഭിച്ചു. മൂന്നാമതും പാര്‍ലമെന്റേറിയന്‍ ആകാന്‍ താങ്കള്‍ക്ക് അവസരം ലഭിച്ചു പാര്‍ട്ടി നോ പറഞ്ഞു. ഇത് ഹിമാലയന്‍ മണ്ടത്തരമല്ലേ?

ആ സമയത്ത് പാര്‍ട്ടിയില്‍ ഒരു തര്‍ക്കം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും അത് അറിയാം. വിഷയം പാര്‍ട്ടി കോണ്‍ഗ്രസിലെത്തിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പും നടന്നു. ഒരു കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി എന്ന കാഴ്ചപ്പാടില്‍ അത് ശരിയാണ്. അത് സോവിയറ്റ് യൂണിയന്‍ തകര്‍ന്ന സമയമായിരുന്നു അത്. പാര്‍ട്ടിയ്ക്ക് അന്ന് പാര്‍ലമെന്റില്‍ 32അംഗങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. ഒരു സര്‍ക്കാറുണ്ടാക്കാന്‍ 272അംഗങ്ങള്‍ വേണം. കൂട്ടുകക്ഷി ഭരണത്തില്‍ സിപിഎമ്മിന് 32അംഗങ്ങളേയുള്ളൂ. അങ്ങനെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. മാത്രമല്ല സിപിഎം എതിര്‍ക്കുന്ന പല കാര്യങ്ങളും അദ്ദേഹത്തിന് നടപ്പിലാക്കേണ്ടതായി വരും. പ്രധാനമന്ത്രിയായി മൂന്ന് മാസത്തിനകം രാജിവയ്ക്കേണ്ടി വന്നാല്‍ അത് ജനങ്ങളോടുള്ള വഞ്ചനയായി വ്യാഖ്യാനിയ്ക്കപ്പെടും. എന്ത് കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാകുന്നത്. ചില പ്രത്യേക മൂല്യങ്ങള്‍, ചില പ്രത്യേക മാനദണ്ഡങ്ങള്‍. എന്റെ പാര്‍ട്ടിയുടെ മാനദണ്ഡമനുസരിച്ച് രണ്ട് തവണയില്‍ കൂടുതല്‍ രാജ്യസഭാംഗമായി ആര്‍ക്കും അവസരം നല്‍കാറില്ല. രണ്ട് തവണ രാജ്യസഭാംഗം എന്ന് പറയുന്നത് തന്നെ 12വര്‍ഷമാണ് അത് ചുരുങ്ങിയ കാലമല്ല.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ താങ്ങളുടെ രണ്ടാം വരവിനെ പിന്തുണച്ചിരുന്നു
അത് ശരിയാണ്. മാത്രമല്ല രാജ്യസഭയില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ എതിരായി ആരെയും നിറുത്തില്ലെന്ന പാര്‍ട്ടികളുടെ നിലപാടില്‍ നന്ദിയുണ്ട്. എന്നാല്‍ ഞങ്ങള്‍ ചില മൂല്യങ്ങളിലും മാനദണ്ഡങ്ങളിലും ഉറച്ചുനില്‍ക്കുന്നവരാണ്. ഇന്ന് സിപിഎം മാത്രമാണ് അത്തരം കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതെന്ന കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്. മറ്റുള്ളവരെല്ലാം അവസരവാദികളാണ്.

sitharam yechuri
കടുത്ത കോണ്‍ഗ്രസ് വിരോധിയായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചയാളാണ് താങ്കള്‍. പക്ഷേ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് നില്‍ക്കണമെന്നും കോണ്‍ഗ്രസിനെ അകറ്റി നിറുത്തരുതെന്നും താങ്കള്‍ പറയുന്നു. 
അതില്‍ അത്ഭുതത്തില്‍ വകയില്ല. എന്താണ് ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്ലബ്ലിക്ക്. ഇന്ദിരാഗാന്ധിയുടെ കീഴില്‍, അടിയന്താരവസ്ഥയില്‍ എന്തിനെതിരെയാണ് ഭീഷണി ഉയര്‍ന്നിരുന്നത്? ജനാധിപത്യം! അന്ന് ഞങ്ങള്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് പോരാടിയത്. ഇപ്പോള്‍ ബിജെപി ഭരിക്കുമ്പോള്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? മതേതരത്വം!

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടാതെ മതേരതര ജനാധിപത്യ റിപബ്ലിക്ക് നിലനില്‍ക്കില്ല. ജനാധിപത്യം ഭീഷണി നേരിടുമ്പോള്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഒത്തുചേരണം. മതേതരത്വം ഭീഷണി നേരിടുമ്പോള്‍ മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഒത്തുചേരണം. എന്റെ ഉദ്ദേശം നേടാന്‍ ആ സമയത്ത് ഞാന്‍ ആരുടേയും സഹായം സ്വീകരിക്കും, അത് കൊണ്ടാണ് വിശാലമായ വേദിക എന്ന് ഞാന്‍ ഉപയോഗിച്ചത്.


ബംഗാളിലെ പാര്‍ട്ടി താങ്കളേയും കേരളത്തിലെ പാര്‍ട്ടി പ്രകാശ് കാരാട്ടിനേയും പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു?

പാര്‍ട്ടിക്കുള്ളില്‍ ഞാനും പ്രകാശും ഒരുപോലെ അംഗീകരിക്കുന്ന വിഷയങ്ങളുണ്ടാകാം. അത് പോലെ ഞാനും മറ്റ് അംഗങ്ങളും ഒരുപോലെ അംഗീകരിക്കുന്ന വിഷയങ്ങളുണ്ടാകാം. അതെല്ലാം വസ്തുതകളെ കുറിച്ചുള്ള ബോധ്യങ്ങള്‍ക്ക് അനുസരിച്ചാണ്. പാര്‍ട്ടിയില്‍ ആളുകള്‍ നിലപാട് എടുക്കുന്നത് അവര്‍ കേരളത്തില്‍ നിന്നോ ബംഗാളില്‍ നിന്നോ വന്നത് കൊണ്ടല്ല. മറിച്ച് കമ്മ്യൂണിസ്റ്റുകാരെന്ന നിലയില്‍ അവരുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള അവരുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്.

താങ്കളുടെ പാര്‍ട്ടി ന്യൂനപക്ഷത്തിന് ന്യൂനപക്ഷ രാഷ്ട്രീയത്തിന് അനുകൂലമായ നടപടികളാണ് എടുത്തിട്ടുള്ളത്?

ഏത് വലിപ്പത്തുള്ള വര്‍ഗ്ഗീയതയും ഒരു പോലെയാണെന്ന ഞങ്ങളുടെ നിലപാട് ശരിയാണ്. അത് ഇസ്ലാം മതമൗലിക വാദമാണെങ്കിലും ശരി, ഹിന്ദു വര്‍ഗ്ഗീതയാണെങ്കിലും സിപിഎം എതിര്‍ക്കും.

സംഖ്യകളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഹിന്ദുക്കളാണ് കൂടുതലെന്നതിനാല്‍ ഹിന്ദു വര്‍ഗ്ഗീയത കൂടുതല്‍ അപകടമാണ്.എന്നാല്‍ അതിനെ എതിര്‍ക്കേണ്ടത് ന്യൂനപക്ഷ മതമൗലിക വാദം കൊണ്ടല്ല മുഖ്യധാരാ ജനാധിപത്യത്തിന്റെ ഭാഗമാകുകയും മുഖ്യധാരാ ജനാധിപത്യം ഭൂരിപക്ഷ വര്‍ഗ്ഗീയതയെ എതിര്‍ക്കുകയാണ് വേണ്ടത്


കേരളത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിനും, പിഡിപിയ്ക്കും ഒപ്പം താങ്കളുടെ പാര്‍ട്ടി സഹകരിച്ചിട്ടുണ്ട്
അതിനെ കുറിച്ച് എനിക്ക് അറിയില്ല. എന്നെയും എന്റെ പാര്‍ട്ടിയേയും സംബന്ധിച്ചിടത്തോളം ഏത് തരത്തിലുള്ള വര്‍ഗ്ഗീയതയും അപകടമാണ്. അത് ഹിന്ദുവര്‍ഗ്ഗീയതയായാലും ശരി, മുസ്ലീം വര്‍ഗ്ഗീയതയാണെങ്കിലും ശരി, സിഖ് വര്‍ഗ്ഗീയതയാണെങ്കിലും ശരി.

പികെ ശശിയ്ക്ക് എതിരായ നടപടി എടുക്കാന്‍ പാര്‍ട്ടി വൈകിയോ

ഇത് വളരെ ഒറ്റപ്പെട്ട ദൗര്‍ഭാഗ്യകരമായ കാര്യമാണ്. പരാതി വന്നപ്പോള്‍ അന്വേഷണ കമ്മീഷനെ വച്ചുു. കമ്മീഷന്‍ അന്വേഷിച്ചു. ഇത് പാര്‍ട്ടിയുടെ നടപടി ക്രമമാണ്. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി പരിഗണിച്ചു. ഉടനെ നടപടി എടുത്തു. കാലതാമസം നടപടിയ്ക്ക് ഉണ്ടായിട്ടില്ല. നേരത്തെ പറഞ്ഞ നടപടി ക്രമങ്ങള്‍ക്കാണ് കാലതാമസം ഉണ്ടായത്. ആരോപണങ്ങളില്‍ ശരിയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ നടപടി ഉണ്ടായി.
കുറ്റാരോപിതനായ വ്യക്തിയ്ക്ക് വിശദീകരണത്തിന് അവസരം നല്‍കി. പിന്നീടാണ് സമിതി തീരുമാനം എടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയനെ എങ്ങനെയാണ് താങ്കള്‍ വിലയിരുത്തുന്നത്?
പിണറായിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നല്ല അഭിപ്രായമാണ്. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനവും പുനഃരധിവാസവും പിണറായി നന്നായി കൈകാര്യം ചെയ്തു. ജനങ്ങള്‍ക്ക് നല്‍കിയ പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കി എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഏത് മുഖ്യമന്ത്രിയേയും സംബന്ധിച്ച് അതൊരു ശരി മാര്‍ക്കാണ്.


പാര്‍ട്ടിയില്‍ എല്ലാ കാലത്തും വിഭാഗീയത ഉണ്ടായിരുന്നു. ഇപ്പോള്‍ വിഭാഗീയതയില്ലേ?

സിപിഎമ്മില്‍ എല്ലാക്കാലത്തും അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് എന്നതാണ് പാര്‍ട്ടിയുടെ ജീവന്‍. അഭിപ്രായവ്യത്യാസങ്ങളില്ലാത്ത് പാര്‍ട്ടി ഒരു മരിച്ച പാര്‍ട്ടിയാണ്. ഞങ്ങളുടേത് ഒരു മരിച്ച പാര്‍ട്ടിയല്ല.ഒരിക്കലും മരിച്ച പാര്‍ട്ടിയാകുകയും ഇല്ല. ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകും. അതെ കുറിച്ച് സംവാദം നടത്തും . അതിലൊരു തീരുമാനത്തിലെത്തും.
അടുത്തലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമോ? പ്രീപോള്‍ ഫലങ്ങള്‍ സിപിഎമ്മിന് അനുകൂലമല്ല
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. പ്രീപോളുകാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാം. ഒരിക്കല്‍ പോലും ഈ ഫലങ്ങള്‍ ശരിയല്ല. ശരിയാകുകയും ഇല്ല.

yechuri - pb team
വിഎസിനോട് താങ്ങള്‍ക്ക് ഒരു പ്രത്യേക മമതയുണ്ടെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്
വിഎസിനോട് പ്രത്യേക മമതയില്ല. ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവിനോടുള്ള ബഹുമാനമാണ് എനിക്കുള്ളത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിനായി വിഎസ് നല്‍കിയ സംഭാവനകള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ വലിയ നാഴികകല്ലാണ്.

ഒരു വിപ്ലവകാരി എന്ന നിലയില്‍ താങ്കളുടെ സ്വപ്നം എന്താണ്?
നൂറ് പൂക്കള്‍ വിരിയട്ടെ ആയിരം ചിന്തകള്‍ മല്ലിടട്ടേ എന്നാണ് മാവോയുടെ വരികള്‍.ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ എനിക്ക് സ്വപ്നങ്ങളില്ല. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് സ്വപ്നം. എന്നാല്‍ ദര്‍ശനം ഒരു യാഥാര്‍ത്ഥ്യത്തെ മാറ്റി മറിക്കാനുള്ളതാണ്. എന്നാല്‍ ഇന്നത്തെ സ്വപ്നമാണ് നാളത്തെ യാഥാര്‍ത്ഥ്യമായി വരുന്നത്. സ്വപ്നങ്ങളെല്ലാം ഭ്രമാത്മകതയിലേക്കുള്ള രക്ഷപ്പെടലാണ്. അതുകൊണ്ടാണ് എന്റേത് സ്വപ്നമല്ല ദര്‍ശനമാണെന്ന് ഞാന്‍ പറയുന്നത്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കൂടുതല്‍ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ദര്‍ശനം. മെച്ചപ്പെട്ട ലോകത്തെ സൃഷ്ടിക്കാം, സമൂഹത്തെ സൃഷ്ടിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here