ഒടിയന് പിന്നില്‍ നടക്കുന്നത് ആസൂത്രിത ആക്രമണം

menon

ഇന്ന് റിലീസ് ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിന് നേരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. രണ്ട് വര്‍ഷം ചെലഴിച്ച് എടുത്ത ഒരു ചിത്രം, ആ ചിത്രം കണ്ട് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സിനിമയെ സ്നേഹിക്കുന്നവരുടേയും ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയും ധൈര്യത്തെ ചോര്‍ത്തുന്ന സാഡിസ്റ്റിക്ക് നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. നാല് മണിയ്ക്ക് പ്രദര്‍ശനം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മോശം കമന്റുകള്‍ വന്ന് തുടങ്ങി.  അധ്വാനത്തെ, സ്വപ്നത്തെ, ഇന്റസ്ട്രിയെ തകര്‍ക്കുന്ന കാര്യമാണ് നടക്കുന്നത്. അതില്‍ സന്തോഷിക്കുന്ന സാഡിസ്റ്റിക്ക് മനസുള്ള ഒരു ആള്‍ക്കൂട്ടത്തെ കണ്ട് നിരാശ തോന്നുന്നു.

ഇതിന് പിന്നില്‍ ആരാണ്?

പലരുടേയും സിനിമയ്ക്ക് നേരെ ഇത്തരം ആക്രമണം ഉണ്ടായിരുന്നു. എന്റെ ചിത്രത്തിന് നേരെ ഇത് ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഹൈപ്പും ജനശ്രദ്ധയും ഒടിയന് ലഭിച്ചതിനാല്‍ ഇത് ഞാന്‍ പ്രതീക്ഷിച്ചതാണ്. മലയാള സിനിമയിലെ ഈ ദുരന്തത്തിന് പിന്നില്‍ ഒരു ഹയേര്‍ഡ് ടീമാണ്. വ്യക്തിപരമായ കണക്ക് തീര്‍ക്കാന്‍ വ്യക്തിപരമായി ഉന്മൂലനം ചെയ്യനുമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇവര്‍ കൂടി പ്രവര്‍ത്തിക്കുന്ന ഒരു ഇന്റസ്ട്രിയെ തകര്‍ക്കാനാണ് ഇത് വഴി വയ്ക്കുന്നതെന്ന് ഇവര്‍ അറിയുന്നുണ്ടോ എന്ന് എനിക്ക് മനസിലാകുന്നില്ല.

ഇത് ആസൂത്രിത ആക്രമണമാണെന്നാണോ?

ഉറപ്പായിട്ടും ഇത് ഒരു പ്ലാന്റ് അറ്റാക്കാണ്.  ഒരു നല്ലസിനിമയെ കൂലി എഴുത്തുകൊണ്ട് തകര്‍ക്കാന്‍ കഴിയില്ലെന്ന് പണ്ട് തെളിയിച്ചിട്ടുണ്ട്. അത് ഒരിക്കല്‍ കൂടി ഒടിയന്‍ തെളിയിക്കും. കൈ കഴയ്ക്കുന്നത് വരെ എഴുതിക്കോളു. അതിനേക്കാന്‍ കൂടുതല്‍  പോസീറ്റീവ് കമന്റുകള്‍ വരാന്‍ പോകുന്നേയുള്ളൂ.

മുമ്പും ഇത്തരം ക്യാമ്പെയിന്‍ താങ്ങള്‍ക്ക് എതിരെ ഉണ്ടായിട്ടുണ്ട്

അന്ന് എനിക്കെതിരെ  പ്രവര്‍ത്തിച്ചവര്‍  ഇന്നും ആക്ടീവ് ആണ്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്.  അത് മാന്യതയുടെ പേരില്‍ നിഷേധിക്കുന്നത് ശരിയല്ലല്ലോ. അതില്‍ അര്‍ത്ഥം ഇല്ല.  ആ സംഘം തന്നെയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇന്റസ്ട്രിയോട് എനിക്ക് നിരാശയില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്റസ്ട്രിയെയാണ് തകര്‍ക്കുന്നത്. അത് കൊണ്ട് അവര്‍ തീകൊളുത്തുന്ന അവസ്ഥയാണ്. അവരോട് സഹതാപമേയുള്ളൂ

ശത്രുത എങ്ങനെയാണ്?

അതെങ്ങനെയെന്ന് അറിയില്ല. നമ്മളാണ് കാരണക്കാരന്‍ എന്ന് ചിലര്‍ വിശ്വസിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഈ ശത്രുത എന്നാണ് എനിക്ക് തോന്നുന്നത്.നേരിടുക എന്നതല്ലാതെ അതിന് കുറുക്ക് വഴികള്‍ ഇല്ല.

ഒരു നടന്‍ താങ്ങള്‍ക്കെതിരെ മുബൈ ലോബി എന്ന ആരോപണവുമായി പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്

സത്യത്തില്‍ ഞാന്‍ മുബൈ ലോബിയല്ല. എന്റെ ഓഫീസിന്റെ ഹെഡ് ഓഫീസ് മുബൈയാണ്. മുബൈയില്‍ എനിക്ക് ഓഫീസ് ഉണ്ടെന്ന് മാത്രമേയുള്ളൂ. ആ നടന്‍ മുബൈ ബെയ്സ്ഡ് എന്ന് പറഞ്ഞത് എന്നെ കുറിച്ചല്ല എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അത് ഞാനാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.   ആകെയും കുറിച്ച് വ്യക്തമായി പറയാതെ ഊഹാപോഹങ്ങള്‍ വിടുമ്പോള്‍ വേറെ ചിലര്‍ വിക്ടിമൈസ് ചെയ്യപ്പെടുകയാണ് ഉണ്ടാകുക. അതാണിവിടെ നടന്നത്. എന്റെ ക്രിയേറ്റീവ് സൈഡ് പാലക്കാടാണ്.

നടിയെ ആക്രമിച്ച കേസിന് പിന്നാലെ ഇപ്പോള്‍ നിരവധി മീ ടു ക്യാമ്പെയിനുകളും നടക്കുന്നുണ്ട്.

28കൊല്ലമായി പരസ്യ മേഖലയില്‍ ജോലി ചെയ്യുകയാണ്. സുസ്മിതാസെന്നും ഐശ്വര്യാ റായിയും അടക്കം നിരവധി മോഡലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നോട്  വ്യക്തിപരമായി ആരും ഇങ്ങനൊരു കാര്യം വെളിപ്പെടുത്തിയിട്ടില്ല.  ഞാന്‍ ഒരു തുടക്കക്കാരനാണ്.  ഇനി സിനിമയില്‍ തുടരുമോ എന്ന് പോലും എനിക്ക് അറിയില്ല. ആധികാരികമായി ഇതില്‍ എനിക്ക് അഭിപ്രായം പറയാനാകില്ല. എന്നാല്‍ ആരെങ്കിലും ഇത്തരത്തില്‍ ഭാവിയും കരിയറും, ജീവിതവും പണയം വച്ച് രംഗത്ത് എത്തിയിട്ടുണ്ടെങ്കില്‍  ആ അഭിപ്രായത്തിന് ന്യായം ഉണ്ടാകണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.

മഞ്ജുവാര്യരുടെ മടങ്ങി വരവ് താങ്ങളുടെ പരസ്യ ചിത്രത്തിലൂടെയാണ്. മഞ്ജുവിന്റെ വളര്‍ച്ച താങ്ങള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കിയോ?

സെലിബ്രിറ്റീസിനേയും, നോണ്‍ സെലിബ്രിറ്റീസിനേയും മാനേജ് ചെയ്യുന്ന ഡിവിഷന്‍ എന്റെ കമ്പനിയ്ക്ക് ഉണ്ട്.  ഞാന്‍ വളരെ ഇഷ്ടപ്പെടുന്ന നടിയാണ്  മഞ്ജു. അവര്‍  തിരിച്ച് വരുമ്പോള്‍ പ്രൊഫഷണല്‍ സപ്പോട്ട് നല്‍കുകമാത്രമാണ് ഞാന്‍ ചെയ്തത്. 36ാം വയസ്സിലാണ് അവര്‍ സിനിമയിലേക്ക് തിരിച്ച് വരുന്നത്. ഒരു ബ്രാന്റായാണ് ഞാന്‍ മഞ്ജുവിനെ കണ്ടത്.  ആ ബ്രാന്റിനെ എങ്ങനെ പാക്കേജ് ചെയ്യാം,  പൊസിഷന്‍ ചെയ്യാം, ബ്രാന്റിംഗ് ചെയ്യാം എന്ന് മാത്രമാണ് ഞാന്‍ നോക്കിയത്. അതായിരുന്നു എന്റെ ഏരിയ. അത്  ആത്മാര്‍ത്ഥമായി തന്നെ ചെയ്യുകയും ചെയ്തു. അത് അവരുടെ കരിയറിന് അനുകൂലമായി. എന്നാല്‍ അത് ആ നടിയുടെ കഴിവുമായി തട്ടിച്ച് നോക്കാന്‍ പറ്റില്ല. അവരെ റീ പാക്കേജ് ചെയ്യുകയാണ് ഞാന്‍ ചെയ്തത്. ഒരു സുഹൃത്തിനോട് ഞാന്‍ ചെയ്ത പ്രൊഫഷണല്‍ കമ്മിറ്റ്മെന്റാണിത്.

ഇത്തരം ആക്രണങ്ങള്‍ക്ക് അത് കാരണമായോ?
ആ റിസ്ക്ക് മുന്നില്‍ കണ്ട് തന്നെയാണ് ഞാന്‍ ഇതിന് തയ്യാറായത്. അത് ഒരു സ്ത്രീയായത് കൊണ്ടാണ് തെറ്റിദ്ധരിക്കപ്പെട്ടത്. മഞ്ജുവാര്യര്‍ വളരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടമുണ്ടെന്നും അവരുടെ ശത്രുത എനിക്ക് നേര ഉണ്ടാകും എന്ന് ഉറപ്പുണ്ടായിരുന്നു. പോസിറ്റീവും നെഗറ്റീവും എല്ലാം എനിക്ക് അറിയാമായിരുന്നു.  അത് കൊണ്ട് തന്നെ ഈ ആക്രമണത്തില്‍ എനിക്ക് പരാതിയോ പരിഭവമോ ഇല്ല. എന്റെ പ്രൊഫഷനോടുള്ള  ഇഷ്ടം കൊണ്ടാണ് ഞാന്‍ അത് ചെയ്തത്. അത് കൊണ്ട് എനിക്കതില്‍ വിഷമമില്ല

ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top