കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം

കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം . കെറ്റിഡിഎഫ്സിയിൽ നിന്നെടുത്ത 332.36 കോടി രൂപയുടെ രേഖകള്‍ കോർപറേഷനിൽ നിന്ന് കാണാതായ സംഭവത്തിലാണ് അന്വേഷണം. അക്കൗണ്ടിംഗിലെ പ്രാഥമിക രേഖകൾ പോലും കെഎസ്ആര്‍ടിസിയുടെ പക്കൽ ഇല്ലെന്ന് റിപ്പോർട്ട്.  കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  മൂന്ന് മാസത്തിനുള്ളിൽ അന്യോഷണം നടത്തി റിപ്പോർട്ട് നൽകാനാണ്  നിർദ്ദേശം നല്‍കിയിരിക്കുന്നത്.

വായ്പാ തുക തിരിച്ചടക്കുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസിയും   കെറ്റിഡിഎഫ്സിയും തമ്മിൽ തർക്കം ഉടലെടുത്തതോടെയാണ് കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്. 2008- മുതലാണ്കെഎസ്ആര്‍ടിസി കെറ്റിഡിഎഫ്സിയിൽ നിന്നും വായ്പ എടുത്ത് തുടങ്ങുന്നത്. പല ഘട്ടങ്ങളിലായി എടുത്ത കോടികളുടെ വായ്പ തിരിച്ചടക്കാതെ വന്നതോടെ സർക്കാർ ഇടപെട്ട് ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചു. തുടർന്ന്കെറ്റിഡിഎഫ്സിക്ക് കിട്ടാനുള്ള വായ്പ കടിശ്ശിക കൺസോർഷ്യത്തിലേക്ക് വകമാറ്റി. എന്നാൽ മുൻ കടിശ്ശികയിനത്തിലും പലിശ ഇനത്തിലുമായി 332.36 കോടി രൂപ കെഎസ്ആര്‍ടിസി നൽകാനുണ്ടെന്നായിരുന്നു കെറ്റിഡിഎഫ്സിയുടെ നിലപാട്. ഈ തുകയുടെ മുഴുവൻ രേഖകളും കെറ്റിഡിഎഫ്സി ഹാജരാക്കുകയും ചെയ്തു. എന്നാൽ കെഎസ്ആര്‍ടിസി ഇതിനെ ശക്തമായി എതിർത്തു.

ഈ സാഹചര്യത്തിൽ ഗതാഗത വകുപ്പ് വിശദമായ പരിശോധനക്ക് ഉത്തരവിട്ടു. പരിശോധന നടത്തിയ അക്കൗണ്ടിംഗ് ഏജൻസിയായ വർമ്മ & വർമ്മയുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. 332.36 കോടി രൂപയുടെ വായ്പ കെഎസ്ആര്‍ടിസി സ്വീകരിച്ചതിന് തെളിവുണ്ട്. എന്നാൽ തുക ചെലവഴിച്ചതിന്റെ രേഖകൾ കോർപറേഷന്റെ കൈവശമില്ല.കെഎസ്ആര്‍ടിസി യുടെ അക്കൗണ്ടിലേക്ക് വന്ന ഇത്രയും വലിയ തുക എന്തിന് വിനിയോഗിച്ചുവെന്നോ, ആർക്കൊക്കെ നൽകിയെന്നോ കണക്കില്ല. അക്കൗണ്ടിംഗിലെ പ്രാഥമിക രേഖകൾ പോലും കെഎസ്ആര്‍ടിസി സൂക്ഷിച്ചിട്ടില്ലെന്ന് പരിശോധന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പരിശോധന ഏകപക്ഷീയമായിരുന്നു വെന്നാണ് കെഎസ്ആര്‍ടിസി യുടെ വാദം. ഈ സാഹചര്യത്തിലാണ് കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഗതാഗത വകുപ്പ് വീണ്ടും ഉത്തരവിട്ടത്. അക്കൗണ്ടിംഗിൽ പ്രാഗൽഭ്യം തെളിയിച്ച ഏജൻസിക്കാണ് അന്വേഷണച്ചുമതല. ക്രമക്കേട് ബോധ്യപ്പെട്ടാൽ ഗൗരവമുള്ള നടപടി സ്വീകരിക്കാനാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top