തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്

bjp

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്. സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാർ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി വിട്ടത്. സെക്രട്ടേറിയറ്റ് നടയില്‍ ശോഭാ സുരേന്ദ്രനെ സന്ദര്‍ശിച്ച ശേഷമായിരുന്നു രാജി പ്രഖ്യാപനം.

ശബരിമല വിഷയത്തെച്ചൊല്ലിയുള്ള ഭിന്നത ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാർ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടത്. ശബരിമല സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി സംസ്ഥാന സമിതിയോഗം വിളിച്ചു കൂട്ടിയില്ല. ആര്‍എസ്എസ് നിര്‍ദ്ദേശിക്കുന്നത് അതേപടി നടപ്പാക്കുകയാണ് ചെയ്യുന്നത്. പ്രശ്നം തെരുവിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്ന നിലപാടാണ് ഭൂരിഭാഗം വിശ്വാസികള്‍ക്കെന്നും തങ്ങള്‍ അവര്‍ക്കൊപ്പമാണെന്നും ബിജെപി വിട്ടവര്‍ വ്യക്തമാക്കി.

ബിജെപിയില്‍ ഭിന്നത; ശബരിമല സമരവുമായി സഹകരിക്കേണ്ടെന്ന് മുരളീധരന്‍ പക്ഷം

ആദ്യഘട്ടത്തില്‍ സ്ത്രീ പ്രവേശനം സ്വാഗതം ചെയ്യുന്ന സമീപനമായിരുന്നു ബിജെപിയുടേത്. പിന്നീട് രാഷ്ട്രീയ മുതലെടുപ്പിനായി അത് തിരുത്തി. സ്ത്രീ വിരുദ്ധ നിലപാടാണിതെന്നും പാര്‍ട്ടി വിട്ടവര്‍ കൂട്ടിച്ചേര്‍ത്തു. സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലില്‍ ശോഭാ സുരേന്ദ്രനെ സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ പാര്‍ട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഉഴമലയ്ക്കൽ ജയകുമാർ, തൊളിക്കോട് സുരേന്ദ്രൻ, വെള്ളനാട് വി സുകുമാരൻ മാസ്റ്റർ എന്നിവരടക്കമുള്ള പ്രാദേശിക നേതാക്കളും പാര്‍ട്ടി വിട്ടവരുടെ കൂട്ടത്തിലുണ്ട്. വെള്ളനാട് കൃഷ്ണകുമാർ നേരത്തേ സി പി എം നെടുമങ്ങാട് ഏര്യാ സെന്ററിൽ ഉണ്ടായിരുന്നു. ഭാര്യ ഗിരിജകുമാരി വെള്ളനാട് പഞ്ചായത്ത് പ്രസിഡൻറായിരുന്നു. പിന്നീട് 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ആയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top