‘രാജ്യം വിട്ടു പോവുക’; ബിജെപി ഐടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ബിജെപിയുടെ ഐടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ‘http://www.bjpitcell.org/’ എന്ന ഡൊമെയ്ന്‍ നെയിംമിലുള്ള സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏത് സ്വകാര്യ കംപ്യൂട്ടറും പരിശോധിക്കാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.

‘സ്വകാര്യത വേണം’ (Just Want Privacy) എന്ന തലക്കെട്ടോടെ സൈറ്റില്‍ തെളിയുന്ന സന്ദേശം ഇങ്ങനെയാണ്:

“സ്വകാര്യത ഞങ്ങളുടെ അവകാശമാണ്..
ബിജെപിയുടെ യഥാര്‍ഥ മുഖം ഞങ്ങള്‍ പുറത്തെത്തിക്കും..
ബിജെപിയുടെ പക്കലുള്ള കള്ളപ്പണത്തിന്റെ മുഴുവന്‍ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്
നിയമം മാറ്റുക അല്ലെങ്കില്‍ രാജ്യം വിട്ടു പോവുക
ഇനി ഒരു തിരഞ്ഞെടുപ്പും ബിജെപി ജയിക്കില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ തെളിവുകള്‍ പുറത്തുവിടും
ഇനി ജനങ്ങളെ നിയന്ത്രിക്കാന്‍ ബിജെപിക്ക് കഴിയില്ല.
എല്ലാ തെളിവുകളുമായി ഞങ്ങള്‍ കോടതിയെലെത്തുന്ന സമയത്തിനായി കാത്തിരിക്കൂ..”

രാജ്യത്ത് ഏത് സ്വകാര്യ കംപ്യൂട്ടറും പരിശോധിക്കാന്‍ ഡല്‍ഹി പൊലീസ് അടക്കം വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുയാണ്. പത്ത് കേന്ദ്ര എജൻസികൾക്ക് രാജ്യത്തുള്ള എല്ലാ കമ്പ്യൂട്ടറുകളിലും സ്യഷ്ടിയ്ക്കപ്പെട്ടതോ ശേഖരിയ്ക്കപ്പെട്ടതോ വിനിമയം ചെയ്യപ്പെട്ടതോ ആയ രേഖകൾ നേരിട്ടോ സാങ്കേതിക മാർഗ്ഗങ്ങളിലൂടെയോ ശേഖരിയ്ക്കാനും പരിശോധിയ്ക്കാനും നിരിക്ഷിയ്ക്കാനും അവകാശം നല്‍കുന്നതാണ് ഈ ഉത്തരവ്.

ഇന്റലിജൻസ് ബ്യൂറോ, നാർക്കോട്ടിക്സ് കൺ ട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ്, ഡൽഹി പോലിസ്, സി.ബി.ഐ, റവന്യു ഇന്റലിജൻസ് ,എൻ,ഐ,എ, ക്യാബിനറ്റ് സെക്രട്ടെറിയറ്റ്,  ഡയറക്ടറേറ്റ് ഓഫ് സിഗനൽ ഇൻറലിജൻസ്, പോലിസ് കമ്മിഷണർ ഡൽഹി എന്നി അധികാര സ്ഥാനങ്ങളാണ് ഉത്തരവ് പ്രകാരം അധികാരം സിദ്ധിച്ച കേന്ദ്ര എജൻസികൾ.

രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അനിവാര്യമായതിനാലാണ് ഇത്തരം ഒരു തിരുമാനം എന്നും ഉത്തരവ് വിശദീകരിയ്ക്കുന്നു. ഉപഭോക്താവും സേവന ദാതാവും പരിശോധനയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നുള്ള നിർദേശവും ഉത്തരവിന്റെ ഭാഗമാണ്. മാധ്യമപ്രവര്‍ത്തകരും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യ പ്രവര്‍ത്തകരുമടക്കം മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു. നേരത്തെ ഏതെങ്കിലും കേസിലെ പ്രതികളേയോ രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകളുമായി ബന്ധപ്പെട്ടോ കോടതികളുടെ മുന്‍കൂര്‍ അനുമതി പ്രകാരം ഇത്തരം പരിശോധനകള്‍ നടത്താമായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഇനി ഈ അനുമതി ആവശ്യമില്ല. ആഭ്യന്തര സെക്രട്ടറിയാണ് തീരുമാനമെടുക്കേണ്ടത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top