‘മനിതിയെ വിടാതെ’; പാറക്കടവില്‍ വീണ്ടും വാഹനം തടയാന്‍ ശ്രമിച്ചു (വീഡിയോ)

ശബരിമലയിലേയ്ക്കു പ്രവേശിക്കാനാകാതെ മടങ്ങിയ മനിതി പ്രവർത്തകരുടെ വാഹനം വീണ്ടും കട്ടപ്പന പാറക്കടവിൽ തടയാന്‍ ശ്രമിച്ചു. എട്ടു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ബൈപാസ് റോഡിലൂടെ പാറക്കടവിൽ എത്തിയപ്പോഴാണ് ശബരിമല കർമസമിതി പ്രവർത്തകർ വാഹനം തടയാന്‍ ശ്രമിച്ചത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധക്കാരെ നീക്കിയശേഷം സംഘം യാത്ര തുടർന്നു. മനിതി പ്രവർത്തകരുടെ വാഹനം കടന്നുപോയതോടെ കർമസമിതി പ്രവർത്തകർ റോഡിൽ ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ചു.

Read More: ‘മാല എന്തിയേ?, മാല എട്‌റാ’; അയ്യപ്പഭക്തരെ വഴിയില്‍ തടഞ്ഞ് പരിശോധിക്കുന്ന പ്രതിഷേധക്കാര്‍

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനായി കേരളത്തിലേക്ക് എത്തിയ മനിതി സംഘത്തിന്റെ വാഹനം തടയാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചിരുന്നു. പാറക്കടവില്‍ വച്ചാണ് ഇന്നലെയും പ്രതിഷേധം ഉണ്ടായത്. കഴിഞ്ഞ ദിവസം വാഹനം തടഞ്ഞവരില്‍ ചിലര്‍ ഇന്നും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.

ശബരിമലയിലെത്തിയ മനിതി സംഘത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ശബരിമലയില്‍ തടിച്ചുകൂടിയ ഭക്തരും പ്രതിഷേധക്കാരും മനിതിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തു. പ്രതിഷേധം ശക്തമായതോടെ മനിതി സംഘം ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങി പോകാന്‍ തീരുമാനിക്കുകയായിരുന്നു. പൊലീസ് നിര്‍ബന്ധിച്ചതിനാലാണ് ഇവിടെ നിന്ന് മടങ്ങുന്നതെന്നും ദര്‍ശനം നടത്താതെ തിരികെ മടങ്ങില്ലെന്നുമാണ് ഇവര്‍ ആദ്യം 24നോട് വ്യക്തമാക്കിയത്. എന്നാല്‍ നിലയ്ക്കലേക്ക് മാറ്റിയതിന് ശേഷം പോലീസ് സംഘാംഗങ്ങളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇവര്‍ മടങ്ങിപ്പോകാമെന്ന് അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top