ഉണ്ണിയെ ഉറക്കാന്‍ രാജലക്ഷ്മി വീണ്ടും പാടി ‘കാവല്‍മാലാഖമാരേ…’

ക്രിസ്മസ് രാവുകളെ ധന്യമാക്കുന്നതില്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കാലമെത്ര കഴിഞ്ഞാലും മനസില്‍ നിന്ന് മായാത്ത, ആത്മീയ അനുഭൂതി പകരുന്ന ക്രിസ്മസ് ഗാനങ്ങള്‍ക്ക് ഇന്നും ഏറെ ജനപ്രീതിയുണ്ട്. അത്തരത്തിലൊരു ഗാനമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ‘കാവല്‍ മാലാഖമാരേ…’
എ.ജെ ജോസഫ് വരികളെഴുതി സംഗീതം പകര്‍ന്ന ‘കാവല്‍ മാലാഖമാരേ കണ്ണടക്കരുതേ…’എന്ന സുജാത ആലപിച്ച ഗാനത്തിന് ഇന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പുല്‍ത്തൊട്ടിയില്‍ പിറന്ന രാജരാജനെ തഴുകിയുറക്കുന്ന ഈരടികളോടെയാണ് ക്രിസ്മസ് രാവിനെ ക്രൈസ്തവര്‍ കാലങ്ങളായി വരവേല്‍ക്കുന്നത്. ‘സ്‌നേഹപ്രതീകം’ എന്ന ആല്‍ബത്തിലൂടെ എ.ജെ ജോസഫ് മലയാളിയ്ക്ക് സമ്മാനിച്ച അനശ്വര ഗാനത്തിന്റെ കവര്‍ സോങ് ഒരുക്കിയിരിക്കുകയാണ് ഗായിക രാജലക്ഷ്മിയും സുഹൃത്തുക്കളും ചേര്‍ന്ന്. ക്രിസ്മസിനുള്ള ഏറ്റവും അടുത്ത ഒരുക്കത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉണ്ണിയേശുവിന്റെ പുല്‍ത്തൊട്ടിക്കരികില്‍ നില്‍ക്കുന്ന പ്രതീതിയാണ് ‘കാവല്‍ മാലാഖമാരേ…’എന്ന ഗാനത്തിന്റെ കവര്‍ സോങിലൂടെ രാജലക്ഷ്മി സമ്മാനിക്കുന്നത്.
കവര്‍ സോങിന്റെ പിറവി സുഹൃത്ത് സംഘത്തില്‍ നിന്ന്
സംഗീത ലോകത്തെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പതിവ് സംഭാഷണത്തില്‍ നിന്നാണ് ഈ കവര്‍ സോങിന്റെ പിറവി. ക്രിസ്മസിന് പുതുമയുള്ള എന്തെങ്കിലും ചെയ്താലോ എന്ന രാജലക്ഷ്മിയുടെ ചോദ്യത്തിന് സുഹൃത്തുക്കള്‍ ഉത്തരം കണ്ടെത്തി. കാലമെത്ര കഴിഞ്ഞാലും മനസില്‍ നിന്ന് മായാത്ത ‘കാവല്‍ മാലാഖമാരേ…’ എന്ന ഗാനത്തിന് ഒരു കവര്‍ ഒരുക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്. കവര്‍ ചെയ്യാനുള്ള തീരുമാനത്തില്‍ മാത്രമല്ല, ഈ കവറിന് ജീവന്‍ നല്‍കിയതിലും ചങ്കായി കൂടെ നിന്നത് സുഹൃത്തുക്കളാണെന്ന് രാജലക്ഷ്മി ’24’ നോട് പറഞ്ഞു.
വയലിന്‍ വായിച്ച റിതു വൈശാഖും വര്‍ക്കിയുമാണ് കവറിന് ജീവന്‍ നല്‍കിയത്. പിയാനോ വായിച്ചതും ഓഡിയോ കൈക്കാര്യം ചെയ്തിരിക്കുന്നതും വര്‍ക്കിയാണ്. റിതുവും വര്‍ക്കിയുമാണ് ഈ കവര്‍ സോങ് പൂര്‍ണ്ണതയിലെത്താന്‍ പരിശ്രമിച്ചത്. രണ്ട് പേരും വളര്‍ന്നുവരുന്ന ഒരുപാട് കഴിവുകളുള്ള കലാകാരന്മാരാണെന്ന് രാജലക്ഷ്മി പറഞ്ഞു.
ഈ ഗാനം തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം?
ക്രിസ്മസിനോട് അടുക്കുമ്പോള്‍ ഏറ്റവും ആദ്യം ഓര്‍മ്മയിലെത്തുന്ന ഗാനം ഇതാണ്. ഉണ്ണിയെ പാടിയുറക്കുകയാണ് ഈ ഗാനത്തില്‍. അത്ര മനോഹരമാണ് വരികളും പ്രയോഗങ്ങളും. സുജാത ചേച്ചിയുടെ സ്വരത്തില്‍ ഈ പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ വല്ലാത്തൊരു ഫീലാണ്. കുട്ടിക്കാലത്ത് ഒരുപാട് കേട്ടിട്ടുള്ള പാട്ട് കൂടിയാണിത്. ‘കാവല്‍ മാലാഖമാരേ കണ്ണടക്കരുതേ…’എന്ന വരിയില്‍ തന്നെ ആ ഗാനത്തിന്റെ എല്ലാ സ്‌പെഷ്യാലിറ്റികളും അടങ്ങിയിട്ടുണ്ട്.
കവര്‍ സോങിന്റെ പണിപ്പുരയില്‍
ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ഒരു ഗാനത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം കവര്‍ സോങ് ഒരുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഒറിജിനലിനെ മുറിവേല്‍പ്പിക്കാതെ ചെയ്യാന്‍ സാധിക്കണം എന്നതായിരുന്നു വലിയ ആഗ്രഹം. ഒരിക്കലും ഒറിജിനലിനോളം വരില്ല കവര്‍ സോങ്. ഒറിജിനല്‍ ഈസ് ഒറിജിനല്‍. അതുമായി കവര്‍ സോങിനെ താരതമ്യം ചെയ്യാന്‍ പറ്റില്ല. എന്നാല്‍, ഒറിജിനലിന്റെ തനിമ ചോരാതെ, അതിനെ മുറിവേല്‍പ്പിക്കാതെ നന്നായി ചെയ്യാന്‍ കഴിയണമെന്ന ആഗ്രഹമായിരുന്നു ഞങ്ങള്‍ക്കെല്ലാം. റിതുവും വര്‍ക്കിയും അതേ താല്‍പര്യമുള്ളവരായിരുന്നു. അവരും അതിനുവേണ്ടി മാക്‌സിമം പരിശ്രമിച്ചു.
കവര്‍ സോങിന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍
ഏറ്റവും വലിയ സന്തോഷം നല്‍കിയ പ്രതികരണം സുജാത ചേച്ചിയുടെയും എ.ജെ ജോസഫ് സാറിന്റെ മകന്റെയുമാണ്. വളരെ നല്ല അഭിപ്രായമാണ് രണ്ട് പേരും പറഞ്ഞത്. വലിയ സന്തോഷം തോന്നി. ജോസഫ് സര്‍ മുകളിലിരുന്ന് കണ്ട് ഇത് ആസ്വദിക്കുന്നുണ്ടാകും എന്നാണ് അദ്ദേഹത്തിന്റെ മകന്‍ കവര്‍ സോങ് കേട്ട് പ്രതികരിച്ചത്. ഒത്തിരി സന്തോഷമായെന്നും നന്നായി പാടിയിട്ടുണ്ടെന്നും സുജാത ചേച്ചി കൂടി പറഞ്ഞതോടെ ഞാന്‍ ശരിക്കും ത്രില്ലിലായി. ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനത്തിന് കവര്‍ ഒരുക്കുക, ആ ഗാനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനങ്ങള്‍ അറിയിക്കുക, സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ചെയ്തതിന് വലിയ സ്വീകാര്യത ലഭിക്കുക…ഇതെല്ലാം എത്രയോ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here