കനക ദുർഗ ശബരിമല കയറുന്നതിൽ നിന്നും പിന്മാറി

കനക ദുർഗ ശബരിമല കയറുന്നതിൽ നിന്നും പിന്മാറി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കനക ദുർഗ പിന്മാറിയത്. അതേസമയം, ശബരിമലയിലേക്ക് പോകാൻ ഡിസംബർ 31ന് മുമ്പ് തിയതി തീരുമാനിക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്. തിയതി നിശ്ചയിച്ച് തന്നില്ലെങ്കിൽ പത്ര സമ്മേളനം വിളിക്കുമെന്നും ബിന്ദു പറഞ്ഞു.
നേരത്തെ കനത്തപ്രതിഷേധം കാരണം സന്നിധാനത്തെ വലിയ നടപ്പന്തലിനു 200 മീറ്റർ ഇപ്പുറത്ത് വച്ച് ശബരിമല യാത്ര അവസാനിപ്പിക്കേണ്ട വന്ന ബിന്ദുവിനേയും കനക ദുർഗ്ഗയെയും പമ്പയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചിരുന്നു. പമ്പയിലെ ആശുപത്രിയിൽ നിന്ന് പത്തനം തിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ ഇരുവരേയും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കാഷ്വാലിറ്റിയിലെ പ്രാഥമിക പരിശോധനയിൽ ഇരുവർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലന്ന് ഡോക്ടർ കുറിച്ചതോടെയാണ് ഇരുവരേയും ഡിസ് ചാർജ്ജ് ചെയ്തത്. ഡോക്ടറുടെ റിപ്പോട്ട് വന്നതോടെ ബിന്ദുവും കനക ദുർഗ്ഗയും വീണ്ടും ശബരിമലയ്ക്ക് പോകണം എന്നാവശ്യപ്പെട്ടിരുന്നു. അപേക്ഷ എഴുതി നൽകണമെന്ന്‌പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വ ബിന്ദു ശബരിമല യാത്രയ്ക്ക് സംരക്ഷണം വേണമെന്ന് അപേക്ഷ നൽകി. എന്നാൽ ഇതിന് അനുമതി ലഭിക്കാതെ വന്നതോടെ ഇരുവരും നിരാഹാരം ആരംഭിച്ചെങ്കിലും മണ്ഡല പൂജയ്ക്ക് ശേഷം പോലീസ് സംരക്ഷണയിൽ ദർശനത്തിന് സൗകര്യം ഒരുക്കാമെന്ന പോലീസിന്റെ ഉറപ്പിന്മേൽ ഇരുവരും നിരാഹാരം അവസാനിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here