Advertisement

മെല്‍ബണില്‍ വിജയകാഹളം മുഴക്കി ഇന്ത്യ; ചരിത്രജയം

December 30, 2018
Google News 1 minute Read

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 137 റണ്‍സിന്റെ വിജയം. 398 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസ് 261 ന് ഓള്‍ഔട്ടായി. 258/8 എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മൂന്ന് റണ്‍സ്
കൂട്ടിച്ചേര്‍ക്കാനേ സാധിച്ചുള്ളൂ. ഇതോടെ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് ലീഡ് ചെയ്യുന്നു. പരമ്പര നഷ്ടമാകാതിരിക്കാന്‍ അവസാനത്തെയും നാലാമത്തെയും ടെസ്റ്റില്‍ ഓസീസിന് വിജയിക്കുക തന്നെ വേണം. മെല്‍ബണില്‍ ഇന്ത്യ ജയിക്കുന്നത് 37 വര്‍ഷത്തിന് ശേഷമാണ്. ബോക്‌സിംഗ് ഡേ ടെസ്റ്റിലെ ഇന്ത്യയുടെ കന്നി വിജയമാണിത്.

കനത്ത മഴയോടെയാണ് അഞ്ചാം ദിനം കളി ആരംഭിച്ചത്. രണ്ട് മണിക്കൂറിലേറെ പെയ്ത മഴ മത്സരത്തെ ബാധിക്കുമെന്ന് പോലും തോന്നിപ്പിച്ചു. എന്നാല്‍, മഴ മാറി നിന്നതോടെ ഇന്ത്യ വിജയത്തിലേക്ക് എറിഞ്ഞിട്ടു. സ്‌കോര്‍: ഇന്ത്യ 443-7, 106-8 ഓസ്‌ട്രേലിയ 151, 261

ഇന്ത്യന്‍ വിജയത്തിന് വിലങ്ങുതടിയായി ക്രീസില്‍ ഉറച്ചുനിന്ന കമ്മിന്‍സിന്റെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് അഞ്ചാം ദിനം ആദ്യം നഷ്ടമായത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് ക്യാച്ച് നല്‍കിയാണ് 63 റണ്‍സെടുത്ത കമ്മിന്‍സ് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ നഥാന്‍ ലയോണിന്റെ വിക്കറ്റ് ഇഷാന്ത് ശര്‍മയും സ്വന്തമാക്കി. ഇതോടെ മെല്‍ബണില്‍ ഇന്ത്യന്‍ പതാകകകള്‍ പാറിപറന്നു.

ബുംറയും രവീന്ദ്ര ജഡേജയും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവച്ചു. മൊഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

നേരത്തെ, ടോസ് നേടി ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. റണ്‍സ് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുള്ള ഫ്‌ളാറ്റ് പിച്ചില്‍ ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. പൂജാര 106 റണ്‍സ് നേടിയപ്പോള്‍ നായകന്‍ വിരാട് കോഹ്‌ലി 82 റണ്‍സും ഓപ്പണര്‍ മായാങ്ക് അഗര്‍വാള്‍ 76 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. രോഹിത് ശര്‍മ 63 റണ്‍സുമായി പുറത്താകാതെ നിന്നു.

എന്നാല്‍, ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സ് തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 443 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 151 റണ്‍സിന് ഓള്‍ഔട്ടായി. ജസ്പ്രീത് ബുംറയുടെ ആറ് വിക്കറ്റ് പ്രകടനമാണ് ഓസീസിന്റെ കൂട്ടക്കുരുതിയിലേക്ക് വഴിവച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 292 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. എന്നാല്‍, ഓസ്‌ട്രേലിയയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിക്കുകയായിരുന്നു. 106/ 8 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിന് മുന്‍പില്‍ 398 റണ്‍സിന്റെ വിജയലക്ഷ്യം വച്ചുനീട്ടുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here