ഹർത്താൽ ശബരിമലയെ ബാധിച്ചില്ല

യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ശബരിമലയെ ബാധിച്ചില്ല. രാവിലെ നട തുറന്നതു മുതൽ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഇതിനിടെ ആന്ധ്ര സ്വദേശിനിയായ യുവതി ദർശനത്തിന് എത്തുന്നുവെന്ന അഭ്യൂഹം കുറച്ചു നേരം പോലീസിനേയും ദേവസ്വം ബോർഡിനേയും ആശങ്കയിലാക്കി.
ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താലെങ്കിലും ശബരിമലയെ ഹർത്താൽ ഒരു തരത്തിലും ബാധിച്ചില്ല. രാവിലെ നട തുറന്നതു മുതൽ ഭക്തജനങ്ങളുടെ നീണ്ട നിരയായിരുന്നു. രാവിലെ ആറു മണിയായപ്പോഴേക്കും കാൽ ലക്ഷം ഭക്തർ ദർശനത്തിനെത്തി. ഏഴരയായപ്പോഴേക്കും ഇതു 32000 ആയി ഉയർന്നു. തിരക്ക് വർധിച്ചതിനാൽ പതിനെട്ടാം പടി ചവിട്ടുന്നതിൽ ചെറിയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹർത്താൽ അറിയാതെ അന്യസംസ്ഥാനത്തു നിന്ന് വന്നവരായിരുന്നു ഭക്തരിൽ മിക്കവരും. നിലയ്ക്കലിൽ നിന്നും ഭക്തരെ പമ്പയിൽ എത്തിക്കാൻ കെഎസ്ആര്‍ടിസി കൂടുതൽ ബസ് സർവീസ് നടത്തി. എന്നാൽ നിലയ്ക്കലിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് മുൻ ദിവസങ്ങളിൽ കെഎസ്ആര്‍ടിസി നടത്തിവന്ന സർവീസുകൾ ഇന്നുണ്ടായില്ല. ഇതു തിരികെ പോകാൻ നിന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കി.
ഇതിനിടെയാണ് ആന്ധ്രയിൽ നിന്നും യുവതി ദർശനത്തിനായി പമ്പയിൽ നിന്നും തിരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചത്. ഇതോടെ സന്നിധാനത്തുണ്ടായിരുന്ന പോലീസ് കൂടുതൽ ജാഗ്രതയിലായി. മാധ്യമ പ്രവർത്തകരെല്ലാം മരക്കൂട്ടത്തേക്ക് തിരിച്ചു. ഇതോടൊപ്പം മഫ്തിയിൽ പോലീസും തിരച്ചിൽ തുടങ്ങി. മണിക്കൂറുകൾ പിന്നിട്ട പരിശോധനയ്ക്ക് ശേഷം പ്രചരിച്ചത് വ്യാജ വാർത്തയാണെന്ന് തിരിച്ചറിയുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here