ആർഎസ്എസിന്റെ ആസൂത്രിതമായ ആക്രമണമാണ് കേരളത്തിൽ അരങ്ങേറുന്നത് : മുഖ്യമന്ത്രി

ആർഎസ്എസിന്റെ ആസൂത്രിതമായ ആക്രമണമാണ് കേരളത്തിൽ അരങ്ങേറുന്നതെന്ന് മുഖ്യമന്ത്രി. സി പി എം പ്രവർത്തകർ അക്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രശ്‌നങ്ങൾക്കു കാരണം സി പി എം എന്ന് ബിജെപി . സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
ശബരിമല യുവതി പ്രവേശനത്തിനു ശേഷം അസാധാരണ അക്രമ സംഭവങ്ങളിലൂടെ കേരളം കടന്നു പോവുകയാണ്. കണ്ണൂരിൽ നേതാക്കളുടെ വീടാക്രമിക്കുന്നു. തലസ്ഥാന ജില്ലയിലെ ഉൾ പ്രദേശങ്ങളിൽ പോലും ബോംബേറും നേർക്കുനേർ കയ്യേറ്റവും നടക്കുന്നു. നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങൾക്കും കുറവില്ല .ആർ എസ് എസിന്റെ ആസൂത്രിത അക്രമണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി.
ആർഎസ്എസിന്റെ പ്രകോപനങ്ങളിൽ വീഴരുതെന്നും പ്രവർത്തകർ സംയമനം പാലിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. യുവതി പ്രവേശന വിഷയം സി പി എം ബി ജെ പി സംഘർഷമാക്കാനുള്ള ആസൂത്രിത ശ്രമമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് ബിജെപി നേതാവ് വി. മുരളീധരൻ ആരോപിച്ചു. പൊലീസ് പൂർണ പരാജയമായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി..കലാപത്തിന് പച്ചക്കൊടി കാട്ടിയത് സി പി എമ്മെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here