Advertisement

മിന്നല്‍ ഹര്‍ത്താല്‍ പാടില്ല, ഒരാഴ്ച മുന്‍പ് നോട്ടീസ് നല്‍കണം; ഹൈക്കോടതി

January 7, 2019
Google News 0 minutes Read
harthal

സംസ്ഥാനത്ത് മിന്നൽ ഹർത്താൽ നിരോധിച്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇനി മുതൽ ഹർത്താൽ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുൻപ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി, ഉത്തരവില്‍ വ്യക്തമാക്കി. ഹർത്താൽ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുന്നത് പരിശോധിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു.

തൊഴിൽ മേഖലയിൽ ബാധകമായ ചട്ടം ഹർത്താലിനും ഏർപെടുത്തിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർത്താൽ ഹർജികളിൽ തീർപ്പുണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് നലനിൽക്കും.  പ്രതിഷേധങ്ങളും സമരങ്ങളും നടത്താൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ അവ മൗലികാവകാശത്തെ ബാധിക്കുന്നതാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുക്കണംമെന്നും നഷ്ടപരിഹാര തുക അവരില്‍ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

ഏഴു ദിവസത്തെ സമയത്തിനുള്ളില്‍ സര്‍ക്കാരിന് ഹര്‍ത്താല്‍ നേരിടാനുള്ള സജ്ജീകരണങ്ങള്‍ സ്വീകരിക്കാനാകും. വേണമെങ്കില്‍ ഈ സമയത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് കോടതിയെ സമീപിക്കുകയുമാകാം. കോടതിക്ക് ഹര്‍ത്താല്‍ വിഷയത്തില്‍ ഇടപെടാനുള്ള സമയവും ഇതുവഴി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 97 ഹർത്താലുകളുണ്ടായി എന്ന് വിശ്വസിക്കാനാകുന്നില്ലെന്നും കോടതി പറഞ്ഞു. അടുത്ത രണ്ടു ദിവസത്തെ പൊതുപണിമുടക്കിനെതിരെ സർക്കാർ എന്തു നടപടിയെടുത്തെന്നും കോടതി ആരാഞ്ഞു. വ്യാപാരികൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുമെന്ന് സർക്കാർ മറുപടി നൽകി. ഹർത്താൽ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുന്ന കാര്യത്തിൽ മൂന്ന് ആഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here