രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; കൊണ്ടും കൊടുത്തും മോദിയും രാഹുലും പൊതുവേദികളില്‍

രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റർ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലുമായുള്ള ബന്ധം രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നാണ് പ്രധാനമന്ത്രി ആഗ്രയില്‍ പ്രസംഗിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കാർഷിക കടങ്ങള്‍ എഴുതി തള്ളിയത് പോലെ ദേശീയ തലത്തില്‍ ബിജെപി സർക്കാർ കാർഷിക കടങ്ങള്‍ എഴുതി തള്ളുമോയെന്ന് രാഹുല്‍ ജയ്പൂരില്‍ ചോദിച്ചു.
Read More: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കും
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയും കോണ്‍ഗ്രസും പ്രചാരണ പരിപാടികള്‍ ശക്തമാക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് നൂറ് റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുക. ഉത്തർ പ്രദേശിലെ വിവിധ റാലികളില്‍ പ്രസംഗിച്ച അദ്ദേഹം മുന്നോക്ക സംവരണത്തെ ന്യായീകരിച്ചു. സാമ്പത്തിക സംവരണ ബിൽ ലോക് സഭാ പാസാക്കിയത് ചരിത്രമാണ്. ബില്ലിനെ മിക്ക രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചു. ബില്ല് രാഷ്ട്രീയ പ്രേരിതമല്ല. സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ പാസാകുമെന്നാണ് പ്രതിക്ഷയെന്നും മോദി പറഞ്ഞു.
Read More: മാധ്യമ പ്രവർത്തകരെ മർദ്ദിച്ച സംഭവം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റർ അഴിമതിയില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ മിഷേലിന് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. ക്രിസ്ത്യൻ മിഷേൽ റാഫേൽ ചോപ്പർ നിർമ്മാതാക്കൾക്കെതിരെ സ്വാധീനം ചെലുത്തുകയായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ ജയ്പൂരില്‍ സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാർഷിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രസംഗിച്ചത്. രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോദി സർക്കാർ തയ്യാറാവുന്നില്ലെന്ന് പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷമുള്ള ആദ്യ പൊതു പരിപാടിയായിരുന്നു രാഹുലിന്‍റേത്. ഭരണ കക്ഷിയായ ബി ജെ പിയും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here