ആലപ്പാട് ഖനനം ഉപേക്ഷിക്കാനാവില്ല; സീവാഷിങ്ങ് നിർത്തും : മന്ത്രി ഇപി ജയരാജൻ

ഖനന വിഷയത്തിൽ ആലപ്പാട് ജനകീയ സമരസമിതിയുമായി മന്ത്രി ഇ പി ജയരാജൻ നടത്തിയ ചർച്ച അവസാനിച്ചു. ആലപ്പാട് ഖനനം ഉപേക്ഷിക്കാനാവില്ലെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കടൽ കൊണ്ടുവരുന്ന അമൂല്യ സമ്പത്താണ്. ഖനനം നിർത്താനാവുമോയെന്ന് മന്ത്രി ചോയദിച്ചു. സർക്കാരിന് ഇതിൽ കൂടുതൽ ചെയ്യാനില്ല, സമരസമിതിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
കരിമണൽ സംഭരണത്തെക്കുറിച്ച് വിദഗ്ധ സമിതി റിപ്പോർട്ട് ഒരു മാസത്തിനകം നൽകാൻ മന്ത്രി നിർദ്ദേശിച്ചു. സെസിലെ ശാസ്ത്രജ്ഞൻ ടി എൻ പ്രകാശനെയാണ് പഠിക്കാൻ നിയോഗിച്ചത്
അതുവരെ സീ വാഷിംഗ് നിർത്തിവെക്കാൻ ഐ ആർ ഇ യോട് നിർദേശിക്കുമെന്നും മന്ത്രി പറഞ്ഞു. അതുവരെ ഇൻലാന്റ് വാഷിംഗ് തുടരും.
നീണ്ടകര- കായംകുളം കടലോരത്ത് 16.5 കിലോമീറ്ററിലാണ് ഖനനം. ഇവിടെ കടൽ ഭിത്തി ശക്തിപ്പെടുത്തും. കടൽ കയറി കര നഷ്ടപ്പെടാതിരിക്കാൻ ഐആർഇ പുലിമുട്ടുകൾ സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഖനനം മൂലം കുഴിയായ പ്രദേശങ്ങൾ മണലിട്ട് നികത്തണം. ജോലിക്ക് ആളെയെടുക്കുമ്പോൾ സുതാര്യമായിരിക്കണമെന്ന് കമ്പനികൾക്ക് നിർദേശവും ഇ പി ജയരാജൻ നൽകിയിട്ടുണ്ട്. ആലപ്പാടിനെ സംരക്ഷിക്കാൻ എല്ലാ നടപടിയും എടുക്കുമെന്നും സമരം പിൻവലിക്കാനും മന്ത്രി അഭ്യർത്ഥിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here