ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് മുൻ ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡൻ പുറത്ത്

ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് മുൻ ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡൻ പുറത്ത്. ചന്ദ്രചൂഡനെതിരെ ബംഗാൾ ഘടകം രംഗത്തു വന്നതോടെയാണ് മുൻ സെക്രട്ടറി പുറത്തായത് .ഇതോടെ ആർഎസ്പിയിൽ ചന്ദ്രചൂഡൻ യുഗത്തിനും അവസാനമാവുകയാണ്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ബേബിജോൺ കിടപ്പിലായതോടെയാണ് ടി ജെ ചന്ദ്രചൂഡൻ ആർ എസ് പിയുടെ അമരക്കാരനാവുന്നത്. സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയുമൊക്കെയായ ചന്ദ്രചൂഡൻ ഒടുവിൽ ആർഎസ്പി നേതൃത്യത്തിൽ നിന്നും പുറത്ത്. നേരത്തെ ദേശീയ സമ്മേളനം ചന്ദ്രചൂഡ നു പകരം ബംഗാളിൽ നിന്നുള്ള ക്ഷിതി ഗോസ്വാമിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി പുതിയ സെക്രട്ടേറിയറ്റിനെ നിശ്ചയിച്ചപ്പോൾ അതിലും ചന്ദ്രചൂഡന് ഇടം നൽകിയില്ല. കേരളത്തിൽ നിന്ന് എൻ കെ പ്രേമചന്ദ്രൻ , ഷിബു ബേബി ജോൺ, എ എ അസീസ്, ബാബു ദിവാകരൻ എന്നിവരാണ് കേന്ദ്ര സെക്രട്ടേറിയറ്റംഗങ്ങൾ .ചന്ദ്രചൂഡ നു വേണ്ടി യോഗത്തിൽ ആരും വാദിച്ചതുമില്ല. കേരളത്തിൽ ആർഎസ്പിയുടെ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിനെ ഇനിയും തെരഞ്ഞെടുത്തിട്ടില്ല. 15 അംഗ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെങ്കിലും ടി ജെ ചന്ദ്രചൂഡ ന്റെ എതിർപ്പുമൂലം സമവായത്തിലെത്താനായിരുന്നില്ല. ദേശീയ സെക്രട്ടേറിയറ്റിൽ നിന്നും ചന്ദ്രചൂഡൻ പുറത്തായതോടെ ഇനി സംസ്ഥാനത്തെ ആർഎസ്പി പ്രേമചന്ദ്രൻ ഷിബു ബേബി ജോൺ സഖ്യത്തിന്റെ പിടിയിലാവുകയാണ് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here