‘ഭര്‍തൃമാതാവിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍’: കനക ദുര്‍ഗ

kanakadurga

ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ തന്നെ മര്‍ദ്ദിച്ച ഭര്‍തൃമാതാവിന്റെ പിന്നില്‍ അണിനിരക്കുന്നത് ബിജെപിക്കാരെന്ന് കനക ദുര്‍ഗ. ക്ഷോഭംകൊണ്ടുമാത്രമല്ല അവര്‍ തന്നെ മര്‍ദ്ദിച്ചത്. അവര്‍ക്ക് പിന്നില്‍ ബിജെപിക്കാര്‍ ഉള്‍പ്പെടെ യാഥാസ്ഥിക മനോഭാവമുള്ളവരാണെന്നും കനക ദുര്‍ഗ 24 നോട് പ്രതികരിച്ചു. ഇവരോട് ഒരു കാരണവശാലും വഴങ്ങിക്കൊടുക്കില്ല. സംരക്ഷണം നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ട്. പുരോഗമനപരമായി ചിന്തിക്കുന്നവര്‍ക്കുവേണ്ടിയുള്ള പ്രചോദനമായി കോടതിവിധിയെ കാണുന്നുവെന്നും കനക ദുര്‍ഗ പറഞ്ഞു.

ശബരിമല ദര്‍ശനം ആഗ്രഹിച്ച് ഏത് സംസ്ഥാനത്തെ യുവതികള്‍ എത്തിയാലും അവര്‍ക്ക് സംരക്ഷണം നല്‍കണം. ഇവിടെ വിശ്വാസം നോക്കേണ്ട ആവശ്യമില്ല. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയും അവരെ ശബരിമലയിലേക്ക് എത്തിക്കുന്നതിനുള്ള പിന്തുണ പൊലീസ് നല്‍കുകയും വേണമെന്നും കനക ദുര്‍ഗ പറഞ്ഞു. 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു കനക ദുര്‍ഗയുടെ പ്രതികരണം. വളരെ സന്തോഷകരമായ നിമിഷങ്ങളാണിതെന്നും അവര്‍ പറഞ്ഞു.

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ ബിന്ദുവിനും കനക ദുര്‍ഗയ്ക്കും അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇരുവര്‍ക്കും സംരക്ഷണം നല്‍കണമെന്ന് കോടതി പറഞ്ഞു. ബിന്ദുവിന്റേയും കനക ദുര്‍ഗയുടേയും ഹര്‍ജി പരിഹണിക്കുന്നതിനിടെ, സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് 51 സ്ത്രീകള്‍ കയറിയതായി വിശദീകരിക്കുന്നത്. ആന്ധ്രാപ്രദേശ്, ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് അധികം സ്ത്രീകളും ശബരിമലയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top