ലോക്സഭാ സീറ്റ് വിഭജനം; മുഖ്യ കക്ഷികൾക്ക് തലവേദനയായി ഘടകകക്ഷികളുടെ അവകാശ വാദങ്ങൾ

ലോക്സഭാ സീറ്റ് വിഭജനത്തിൽ മുന്നണിയിലെ മുഖ്യ കക്ഷികൾക്ക് തലവേദനയായി ഘടകകക്ഷികളുടെ അവകാശ വാദങ്ങൾ. പുതിയ സീറ്റുകളും കൂടുതൽ സീറ്റുകളുമാണ് വിവിധ കക്ഷികൾ ആവശ്യപ്പെടുന്നത്. ഉഭയകക്ഷി ചർച്ചയിൽ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വങ്ങൾ .
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ സീറ്റുകൾക്ക് അവകാശവാദങ്ങളും സജീവമായി. സീറ്റ് വിഭജന ചർച്ചകളിലേക്ക് മുന്നണികൾ കടന്നിട്ടില്ലങ്കിലും പലരും അവകാശവാദം ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. യു ഡി എഫിലാണ് ആവശ്യക്കാരേറെ . സീറ്റ് ചർച്ച വൈകാതെ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പൊന്നാനി, മലപ്പുറം സീറ്റിനു പുറമേ മൂന്നാമതൊരു സീറ്റ് വേണമെന്നാണ് മുസ്ലിം ലീഗിന് മോഹം. ലീഗ് നേതൃത്വത്തിന്റെ മനസിലുള്ളത് കോഴിക്കോടോ വയനാടോ വടകരയോ വേണമെന്നും .കോട്ടയത്തിനു പുറമേ ഇടുക്കിയും വേണമെന്ന നിലപാടിലാണ് കെ എം മാണി. ഇടുക്കിയിൽ കണ്ണുനട്ട് ജേക്കബ് ഗ്രൂപ്പുമുണ്ട്. കഴിഞ്ഞ തവണ എം പി വീരേന്ദ്രകുമാർ മത്സരിച്ച പാലക്കാട് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കും. ഇടതു മുന്നണിയിൽ പുതുതായെത്തിയ കക്ഷികൾക്ക് സീറ്റ് ലഭിക്കാനിടയില്ലങ്കിലും അവകാശവാദത്തിന് കുറവുണ്ടാവില്ല. സീറ്റ് വിഭജന ചർച്ച തുടങ്ങിയിട്ടില്ലന്ന് എല്‍ഡിഎഫ് കൺവീനർ എ. വിജയരാഘവൻ .
വടകരയോ കോഴിക്കോടോ കിട്ടിയാൽ കൊള്ളാമെന്നാണ് ലോക് താന്ത്രിക് ജനതാദൾ നേതൃത്വത്തിന്റെ പ്രതീക്ഷ. കോട്ടയമോ ഇടുക്കി യോ ഫ്രാൻസിസ് ജോർജ് വിഭാഗം കേരള കോൺഗ്രസ് ആഗ്രഹിക്കുന്നു. പൊന്നാനി യോ മലപ്പുറ മോ തരൂ എന്ന മോഹവുമായി ഐഎൻഎല്ലും. എൻസിപി പത്തനംതിട്ടയിലും കണ്ണുനട്ടിട്ടുണ്ട്. കഴിഞ്ഞ തവണ മാത്യു ടി തോമസിനായി കോട്ടയം നൽകിയ സി പി എം ഇത്തവണ ആ സീറ്റ് ഏറ്റെടുത്തേക്കും . ബി ജെ പി സഖ്യത്തിലാകട്ടെ ബി ഡി ജെ എസ് 8 സീറ്റ് ചോദിച്ചിട്ടുണ്ട്. കോട്ടയത്ത് പി സി തോമസിനും കണ്ണുണ്ട്. ഉഭയകക്ഷി ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പാർട്ടി നേതൃത്വങ്ങൾ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here