‘ശതം സമര്‍പ്പയാമി’ സൂപ്പര്‍ ഹിറ്റ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മാത്രം എത്തിയത് മൂന്ന് ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്

ശബരിമല അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരെ പുറത്തിറക്കാന്‍ ശബരിമല കര്‍മ്മ സമിതി നടത്തുന്ന പിരിവിനെ ‘ചലഞ്ച്’ ചെയ്ത് സോഷ്യല്‍ മീഡിയ. ജയിലിലായ കര്‍മ്മഭടന്‍മാരെ രക്ഷിക്കാന്‍ നൂറ് രൂപ ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതി ‘ശതം സമര്‍പ്പയാമി’ ക്യാംപെയിന്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എന്നാല്‍, ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ‘ശതം സമര്‍പ്പയാമി’ എന്ന ക്യാംപെയിന് സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിക്കുകയായിരുന്നു.
സി.എം.ഡി.ആര്‍.എഫിലേക്ക് ഓണ്‍ലൈനായി നൂറുരൂപ സംഭാവന നല്‍കുകയും അപ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ ചലഞ്ച് ചെയ്യുന്നതാണ് ക്യാംപയിന്‍. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ടു കൊണ്ടാണ് ഈ ക്യാംപെയ്ന്‍. ശനിയാഴ്ച മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി എത്തിയത് 3.41 ലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ നമ്പര്‍ സഹിതമാണ് ഈ സന്ദേശം പ്രചരിക്കുന്നത്. ക്യാംപെയിന്‍ ഏറ്റെടുത്ത ചിലര്‍ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതോടെ ക്യാംപെയിന്‍ പ്രചാരം നേടി. മാത്രമല്ല, കര്‍മ്മ സമിതിയുടെ ‘ശതം സമര്‍പ്പയാമി’ എന്ന പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ വച്ച് ചിലര്‍ വ്യാജ പോസ്റ്റുകള്‍ ഇറക്കിയിരുന്നു. ഇതിലൂടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ശബരിമല കര്‍മ്മ സമിതിയുടെ ‘ശതം സമര്‍പ്പയാമി’ ക്യാംപെയിന്‍ ദുരുപയോഗിച്ചത് ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് പിന്നീട് പൊളിച്ചടുക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here