വിവരാവകാശ ഭേഭഗതി ബില്ലിൽ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിയ്ക്കില്ല

വിവരാവകാശ ഭേഭഗതി ബില്ലിൽ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിയ്ക്കില്ല. പഴ്‌സണൽ മന്ത്രാലയം തയ്യാറാക്കി സമർപ്പിച്ച ഓർഡിനൻസ് പ്രധാനമന്ത്രിയുടെ ഓഫിസ് മടക്കി. പാർലമെന്റിന്റെ മേശപ്പുറത്തുള്ള നിർദ്ധിഷ്ട വിവരാവകാശ ഭേഭഗതി ബില്ലും പിൻവലിയ്ക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചുണ്ട്.
വിവരാവകാശ നിയമത്തെ വരുതിയിലാക്കാൻ സർക്കാർ നടത്തുന്ന നീക്കമാണിതെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് മുഖം രക്ഷിയ്ക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം.പാർലമെന്റിന്റെ മേശപ്പുറത്ത് കുടുങ്ങിയ വിവരാവകാശ ഭേഭഗതി ബില്ലിനെ ഓർഡിനൻസ് വഴി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിച്ച് വന്നത്. പേഴ്‌സണൽ മന്ത്രാലയം നിർദ്ധിഷ്ട ബില്ലിൽ ഓർഡിനൻസ് തയ്യാറാക്കുകയും പ്രധാനമന്ത്രിയുടെ ഓഫിസിന് സമർപ്പിയ്ക്കുകയും ചെയ്തിരുന്നു. ഈ ഫയലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഇപ്പോൾ മടക്കിയത്. ഭേഭഗതിയുമായ് ബന്ധപ്പെട്ട പ്രതിഷേധം ശക്തമാകുകയും വിഷയം കോടതി കയറുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പിന്മാറ്റം. വിവരാവകാശ ഭേഭഗതി ബിൽ പിൻ വലിയ്ക്കാനും പ്രധാനമന്ത്രിയുടെ ഓഫിസ് നിർദ്ധേശിച്ചതായ് സൂചനയുണ്ട്. ഭരണഘടനാ പ്രകാരം രൂപീകൃതമായ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്ക് ലഭിക്കുന്ന അതേ ശമ്പളം പാർലമെന്റ് പാസാക്കിയ നിയമപ്രകാരം രൂപീകരിച്ച വിവരാവകാശ കമ്മീഷനിലെ അംഗങ്ങൾക്ക് നൽകുന്നത് ശരിയല്ലെന്നായിരുന്നു 2018 ലെ നിർദ്ധിഷ്ട വിവരാവകാശ നിയമ ഭേഭഗതിയുടെ ആധാരം. ഇതിനെ നേരിടാൻ നിയമത്തിലെ 13, 16 വകുപ്പുകൾ ഭേദഗതിചെയ്ത് കമ്മിഷണർമാരുടെ സേവനകാലാവധിയും വേതന സേവന വ്യവസ്ഥകളും നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകണം എന്നതായിരുന്നു ബില്ലിലെ വ്യവസ്ഥ. വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കേണ്ട കമ്മിഷനെ സർക്കാർ വരുതിയിലാക്കാനുള്ള നീക്കമായി ഇത് വിമർശിയ്ക്കപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here