Advertisement

പാലക്കാട് ഷാഫി പറമ്പില്‍, തൃശൂരോ ചാലക്കുടിയോ ലക്ഷ്യംവച്ച് പി.സി ചാക്കോ; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം

January 28, 2019
Google News 0 minutes Read

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴികെ സംസ്ഥാനത്തെ സിറ്റിംഗ് എംപിമാര്‍ക്കെല്ലാം കോണ്‍ഗ്രസ് സീറ്റു നല്‍കിയേക്കും. ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദമില്ലാതെ ഉമ്മന്‍ ചാണ്ടി മത്സരിക്കാന്‍ ഇടയില്ല. പി.സി ചാക്കോയും സീറ്റിനായി പ്രതീക്ഷ പുലര്‍ത്തുന്നത് ഹൈക്കമാന്‍ഡിലാണ്.

ഇടുക്കി, ചാലക്കുടി, തൃശൂര്‍ എന്നിവ കോണ്‍ഗ്രസ് പ്രത്യേക മേഖലയായാണ് പരിഗണിക്കാറുള്ളത്. റോമന്‍ കത്തോലിക്കാ, യാക്കോബായ, ഹിന്ദു എന്നിങ്ങനെ മൂന്നു വിഭാഗത്തിനും മൂന്നു മണ്ഡലങ്ങളില്‍ പങ്കാളിത്തം നല്‍കുകയാണ് പതിവ്. ഒരു മണ്ഡലത്തില്‍ ഹിന്ദു എങ്കില്‍ മറ്റു രണ്ടു മണ്ഡലങ്ങളില്‍ മേല്‍പ്പറഞ്ഞ സമുദായക്കാര്‍ എന്നതാണ് സമവാക്യം. തൃശൂരില്‍ സുധീരന്‍ മത്സരിച്ചാല്‍ ചാലക്കുടിയില്‍ ബെന്നി ബെഹന്നാനോ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസോ മത്സരിക്കും. ചാലക്കുടിയോ തൃശൂരോ ആണ് പി.സി ചാക്കോയുടെ കണ്ണ്. ഡല്‍ഹിയുടെ ചുമതലയുള്ള ചാക്കോയ്ക്ക് സീറ്റ് കിട്ടണമെങ്കില്‍ ഹൈക്കമാന്‍ഡ് കനിയണം. സിറ്റിംഗ് എംപിമാരില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.

കെ.വി തോമസിന്റെ കാര്യത്തില്‍ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും അദ്ദേഹം അനൗദ്യോഗിക പ്രചരണം തുടങ്ങിക്കഴിഞ്ഞു. വടകരയിലും കാസര്‍ഗോഡും സ്ഥാനാര്‍ത്ഥി ആരാകും എന്നത് പ്രവചനാതീതമാണ്. വയനാടിനായി ഷാനിമോള്‍ ഉസ്മാന്‍, എം.എം ഹസന്‍, ടി.സിദ്ദിഖ് എന്നിവര്‍ രംഗത്തുണ്ട്. ഐ ഗ്രൂപ്പിന്റെ മണ്ഡലമായതിനാല്‍ ഹസനും സിദ്ദിഖും ആശങ്കയിലാണ്. കണ്ണൂരില്‍ കെ. സുധാകരന് താല്‍പ്പര്യമില്ലെങ്കില്‍ എ.പി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും.

പാലക്കാട് ഷാഫി പറമ്പിലിന്റെ പേരാണ് മുന്നില്‍. ഷാഫി ജയിക്കുകയും നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്താലുള്ള സ്ഥിതി നേതൃത്വം പരിഗണിച്ചേക്കും. കഴിഞ്ഞ തവണ ബിജെപി രണ്ടാമതെത്തിയ നിയമസഭാ മണ്ഡലമാണ് പാലക്കാട്. വി.കെ ശ്രീകണ്ഠന്റെ പേരും സജീവമാണ്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെ പേരിനാണ് മുന്‍തൂക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് ഔദ്യോഗികമായി കടന്നിട്ടില്ല.

നാളെ രാഹുല്‍ ഗാന്ധി കൊച്ചിയില്‍ വന്നു പോയിട്ടേ സീറ്റുവിഭജനം, സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നിവയടക്കമുള്ള കാര്യങ്ങളിലേക്ക് കോണ്‍ഗ്രസ് കടക്കൂ. മുന്‍വര്‍ഷത്തെ സീറ്റ് വിഭജന നിലയാകും ഇത്തവണയും. 16 സീറ്റില്‍ കോണ്‍ഗ്രസും രണ്ടിടത്ത് ലീഗും ഒന്നില്‍ കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും മത്സരിക്കും. എം.പി വീരേന്ദ്രകുമാര്‍ മത്സരിച്ച പാലക്കാട് ഏറ്റെടുക്കുന്നതോടെയാണ് കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 16 ആവുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here