പതിനൊന്ന് ഇന്ത്യക്കാർ ഉൾപ്പെട്ട ഹവാല സംഘത്തെ സൗദി പൊലീസ് അറസ്റ്റു ചെയ്തു
ഇന്ത്യക്കാർ ഉൾപ്പെട്ട ഹവാല ഇടപാടുകാരെ സൗദി പൊലീസ് അറസ്റ്റു ചെയ്തു . വൻതുക വിദേശത്തേക്ക് കടത്തിയതിനാണ് അറസ്റ്റ് . ഇവർക്ക് പണത്തിന്റെ ഉറവിടം തെളിയിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു .ബംഗഌദേശ് പൗരൻമാരും 11 ഇന്ത്യക്കാരും ഉൾപ്പെട്ട സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് പൊലീസ് അറിയിച്ചു. അറസ്റ്റിലായവർ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പണം ശേഖരിച്ചു വിദേശങ്ങളിൽ വിതരണം ചെയ്യുന്നവരാണ്. ഇവർ ബഹ്‌റൈൻ, ദുബൈ എന്നിവിടങ്ങളിലേക്ക് വൻതുക അനധികൃതമായി കടത്തിയിരുന്നു. പിടിയിലായവരിൽ നിന്ന് 10 ലക്ഷം റിയാൽ, വിവിധ രാഷ്ട്രങ്ങളിലെ നോട്ടുകൾ, കറൻസി കൗണ്ടിംഗ് മെഷീൻ എന്നിവ പൊലീസ് പിടിച്ചെടുത്തു.
സൗദി അറേബ്യയിൽ പണമിടപാടുകൾക്ക് കർശന നിയന്ത്രണവും നിരീക്ഷണവുമാണ് അധികൃതർ ഏർപ്പെടുത്തിയിട്ടുളളത്. രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളിലേറെയും ബാങ്ക് മുഖേന പണം ട്രാൻസ്ഫർ ചെയ്യുന്നവരല്ല. ഇവർ ഹവാല ഇടപാടുകാർക്ക് പണം നൽകി നാട്ടിൽ പണം എത്തിക്കുകയാണ് പതിവ്. ഇങ്ങനെ സമാഹരിച്ച പണമാണ് പിടിച്ചെടുത്തതെന്നാണ് കരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here