രാമക്ഷേത്രത്തിന് ഭൂമി വിട്ടുനല്‍കണം; അയോധ്യ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

അയോധ്യ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ബാബറി മസ്ജിസ് സ്ഥിതി ചെയ്തിരുന്ന 2.77 ഏക്കര്‍ ഭൂമി ഒഴികെയുള്ള സ്ഥലം രാമക്ഷേത്രം നിര്‍മ്മിക്കാന്‍ രൂപീകരിച്ചിട്ടുള്ള രാമജന്മഭൂമി ന്യാസിന് വിട്ടു നല്‍കണമെന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
അയോധ്യ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലര വര്‍ഷമായി ഒരു ഹര്‍ജിയും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് അയോധ്യ കേസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നതുവരെ തീരുമാനമെടുക്കില്ല എന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ രാമക്ഷേത്രത്തിനുള്ള സമ്മര്‍ദ്ദം ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമി നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം.
ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിക്ക് പുറത്ത് 67 ഏക്കര്‍ സ്ഥലമാണുള്ളത്. 1993 ഒരു പ്രത്യേക നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാല്‍
ഈ ഭൂമിയില്‍ യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനവും പാടില്ലെന്നും ഭൂമിയുടെ തല്‍സ്ഥിതി എന്താണോ അത് തുടരണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. 2003 ലെ ഈ സുപ്രീംകോടതി ഉത്തരവ് പിന്‍വലിക്കണമെന്ന് ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹര്‍ജി സുപ്രീംകോടതി എപ്പോള്‍ പരിഗണിക്കുമെന്ന് വ്യക്തമല്ല. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചിന്റെ പരിഗണിനയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here