എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ്: പ്രിയാ രമണി നേരിട്ട് ഹാജരാകണമെന്ന് കോടതി
മുന്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍ത്തക പ്രിയാ രമണിക്ക് കോടതി സമന്‍സ് അയച്ചു. ഫെബ്രുവരി 25 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പ്രിയാ രമണി നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് ദില്ലി പട്യാല ഹൗസ് കോടതി സമന്‍സ് അയച്ചത്. അക്ബര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
മീ ടു ക്യാമ്പെയിനിലൂടെ പ്രിയാ രമണി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അക്ബര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പ്രിയാ രമണി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും 20 വര്‍ഷം മുന്‍പ് നടന്ന സംഭവം സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പുറത്തുവിട്ട് തന്നെ അപമാനിച്ചുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
മീ ടു ക്യാമ്പെയിനിലൂടെ പ്രിയാ രമണിയാണ് അക്ബറിനെതിരെ ആരോപണം ഉന്നയിച്ചത്. പിന്നാലെ വിദേശ മാധ്യമപ്രവര്‍ത്തക റൂത്ത് ഡേവിഡ് ഉള്‍പ്പെടെ അക്ബറിനെതിരെ രംഗത്തെത്തി. തുടര്‍ന്ന് പ്രിയാ രമണിക്കെതിരെ അക്ബര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. മീ ടു ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അക്ബര്‍ രാജിവെച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here