ഹാരിസണില്‍ നിന്ന് കരം ഈടാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല: റവന്യൂ മന്ത്രി

ഹാരിസണിൽ നിന്ന് കരം ഈടാക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. സെക്രട്ടറിമാരുടെ നിർദ്ദേശമല്ല, കോടതി വിധിയാണ് സർക്കാർ പരിഗണിക്കുന്നത്. ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സിവിൽ കേസ് നൽകുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും മന്ത്രി. ഹാരിസൺ കേസിൽ ഉദ്യോഗസ്ഥ തലത്തിൽ കള്ളക്കളി നടക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു റവന്യൂ മന്ത്രി.
ഹാരിസൺ കേസിൽ സംസ്ഥാന താത്പര്യം സംരക്ഷിച്ചു മാത്രമേ സർക്കാർ തുടർനടപടികൾ സ്വീകരിക്കൂവെന്നാണ്
റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചത്. ഹാരിസണിൽ നിന്ന് കരം ഈടാക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സിവിൽ കേസ് നൽകുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ഹാരിസൺ കമ്പനിയുടെ പക്കലുള്ള ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് 6 റിപ്പോർട്ടുകളും, 25 ൽ പരം കോടതി വിധികളും ഉണ്ടായിട്ടും സർക്കാർ തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഹാരിസണിൽനിന്ന് കരം സ്വീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും, ഇത് സർക്കാർ ഭൂമി നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും വിഷയം സബ്മിഷനായി ഉന്നയിച്ച പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഹാരിസന് സഹായകരമായ നിലപാട് സർക്കാർ സ്വീകരിക്കരുതെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ആവശ്യപ്പെട്ടു.