Advertisement

ബജറ്റിന്റെ മുഖചിത്രത്തില്‍ അയ്യങ്കാളിയോടൊപ്പം നിന്ന പഞ്ചമിയെ അറിയണം

January 31, 2019
Google News 1 minute Read

ഇത്തവണത്തെ സംസ്ഥാന ബജറ്റിന്റെ മുഖചിത്രത്തില്‍ അയ്യങ്കാളിയെ തിരിച്ചറിഞ്ഞവരില്‍ പലരും ഒപ്പമുണ്ടായിരുന്ന കുട്ടിയെ തിരിച്ചറിയണമെന്നില്ല. അത് പഞ്ചമിയാണ്. ദളിതര്‍ക്ക് സ്ക്കൂള്‍ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ട് നീണ്ട സമരത്തിന്റേയും, സഹനത്തിന്റേയും മുഖമാണ് പഞ്ചമി.  തൊണ്ണൂറാമാണ്ട് ലഹള എന്ന പേരില്‍ 1904ല്‍ ദളിതര്‍ നടത്തിയ സമരത്തിന്റെ പേര് കൂടിയാണ് പഞ്ചമി . ദളിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകുക എന്നതായിരുന്ന തൊണ്ണൂറാമാണ്ട് ലഹളയുടെ മുഖ്യ ലക്ഷ്യം. അയ്യങ്കാളിയായിരുന്നു ആ സമരത്തിന്റെ നേതാവ്.

കുട്ടികളെ പള്ളിക്കൂടത്തിൽ കയറ്റിയില്ലെങ്കിൽ പാടത്ത് ‘മുട്ടപ്പുല്ല്’ മുളപ്പിക്കുമെന്നായിരുന്നു സമരത്തിന്റെ മുദ്രാവാക്യം. സമരം വര്‍ഷങ്ങള്‍ നീണ്ടു. വേതന വര്‍ദ്ധനവ് കൂടി ഈ സമരത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. എന്നാല്‍ വേതന വര്‍ദ്ധനവ് എന്ന ആവശ്യം ആദ്യം ഫലം കണ്ടു. എന്നാല്‍ കുട്ടികളുടെ സ്ക്കൂള്‍ പ്രവേശനത്തിന് വീണ്ടും കാത്തിരിക്കേണ്ടതായി വന്നു. സമരം തുടര്‍ന്നു. ഒന്നല്ല മൂന്ന് വര്‍ഷം! 1907ല്‍ തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ ദളിതർക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിട്ടു.
എന്നാല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ വലിയ പ്രക്ഷോഭം തന്നെ വേണ്ടി വന്നു. ദളിതരായ കുട്ടികളുടെ സ്ക്കൂള്‍ പ്രവേശനത്തിന് എതിരെ ശക്തമായ എതിര്‍പ്പുകള്‍ വന്നു.  വിപ്ലവത്തിന്റെ ഭാഗമായി പഞ്ചമി എന്ന പുലയ പെൺകുട്ടിയുമായി അയ്യൻകാളി ഊരുട്ടമ്പലം പള്ളിക്കൂടത്തിൽ പ്രവേശിച്ചു. ഇതോടെ സ്ഥിതിഗതികള്‍ ആകെ മാറി. പഞ്ചമിയുടെ സ്‌കൂൾ പ്രവേശനം സവർണ്ണ ഭ്രാന്തന്മാരെ പ്രകോപിപ്പിച്ചു. കൊച്ചപ്പിപിള്ള എന്ന ജന്മിയുടെ നേതൃത്വത്തിൽ അയ്യൻകാളിയെയും കൂട്ടരെയും ക്രൂരമായി മര്‍ദ്ധിച്ചു.  പഞ്ചമി കയറിയ ഊരൂട്ടംമ്പലം സ്കൂൾ തീയിട്ടു നശിപ്പിച്ചു. മാറനല്ലൂർ പ്രദേശത്താകെ ആക്രമികള്‍ അഴിഞ്ഞാടി.  ദളിതർ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ പാർത്തിരുന്ന കണ്ടല, മുണ്ടൻചിറ, ഇറയംകോട്, ആനമല , കൊശവല്ലൂർ , കരിങ്ങൽ , അരുവിക്കര തുടങ്ങിയ പ്രദേശങ്ങളിൽ അക്രമവും ചെറുത്ത് നിൽപ്പും തുടര്‍ന്നു. ദളിതരുടെ കുടിലുകൾ തീയിട്ടു. ദളിത് സ്ത്രീകളെ മാനഭംഗപ്പെടുത്തി. ജീവൻ രക്ഷിക്കാനായി ഈ പ്രദേശങ്ങളിലെ ആണുങ്ങൾ കുറ്റിക്കാടുകളിലും പാറമടകളിലും ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞു.

ഇതിനെല്ലാം കാരണം അയ്യങ്കാളിയാണെന്ന് ജന്മിമാര്‍ പറഞ്ഞു പരത്തി. അയ്യങ്കാളി പിന്മാറിയില്ല. ഊരുട്ടമ്പലത്തിന് പിന്നാലെ വെങ്ങാനൂർ ചാവടി സ്കൂളിലും പുലയ വിദ്യാര്‍ത്ഥികളുമായി  അയ്യങ്കാളി ചെന്നു. അവിടെയും ആക്രമണം നടന്നു. ഈ സമര രീതി തുടർന്നതോടെ സ്കൂൾ പ്രവേശനത്തിനായി പുതിയൊരു സമരത്തിന് അത് കാരണമായി. അയിത്ത ജാതിക്കാരുടെ സ്കൂൾ പ്രവേശനം , അവർക്ക് തൊഴിൽ സ്ഥിരത ,കൂലി കൂടുതൽ തുടങ്ങിയ ചില ആവശ്യങ്ങൽ കൂടി ഈ സമരത്തിന്റെ വിഷയങ്ങളായി. 1913 ജൂൺ മാസത്തിൽ അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം കർഷക തൊഴിലാളികൾ പണിമുടക്കി. കർഷക തൊഴിലാളികൾ പണിമുടക്കിയതോടെ ജന്മിമാരുടെ പാടങ്ങളിൽ പുല്ലു കിളിർത്തു തുടങ്ങി. അയ്യങ്കാളിയെ ജീവനോടെ പിടിച്ചു കൊടുത്താൽ 2000 രൂപയും 2 കഷ്ണമാക്കി കൊടുത്താൽ 1000 രൂപയും ഇനാം പ്രഖ്യപിക്കുക വരെയുണ്ടായി.

ഒന്നും സമരത്തെ ബാധിച്ചില്ല. അവസാനം സമരം ഒത്തുതീര്‍പ്പാക്കാന്‍ അന്നത്തെ ദിവാന്‍ രാജഗോപാലാചാരി ഒരു മധ്യസ്ഥനെ വച്ചു. ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ആയ കണ്ടല സി .കെ നാഗർപിള്ള ആയിരുന്നു മധ്യസ്ഥൻ. അദ്ദേഹം സമരക്കാരുടെ ആവശ്യത്തിനൊപ്പം നിന്നു. അതിന് എതിര് നില്‍ക്കാനാകാത്ത വിധം അപ്പോഴേക്കും സമരത്തില്‍ വീണു പോയിരുന്നു ജന്മിമാര്‍. 1914 ൽ വീണ്ടും സ്കൂൾ പ്രവേശന ഉത്തരവ് ഇറക്കി. സമരം 1914 മെയ് മാസത്തില്‍ അവസാനിച്ചു. 1904ല്‍ തുടങ്ങിയ സമരം ഒരു പതിറ്റാണ്ടിന് ശേഷമാണ് നിലവില്‍ വരുന്നത്.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ചുവടുവയ്പ്പിനോട് ഈ മുഖച്ചിത്രത്തിന് സാമ്യം തോന്നിയാല്‍ അത് യാദൃശ്ചികമാകാനിടയില്ല.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here