കുമ്മനം മത്സരിക്കേണ്ടതില്ലെന്ന് അഭിപ്രായമുണ്ട്; ലാലിനെ സ്ഥാനാർത്ഥിയാക്കാൻ ആലോചനയുണ്ട് : ഒ രാജഗോപാൽ

കുമ്മനം രാജശേഖരന്റെ സ്ഥാനാർതിത്വത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ടെന്ന് ഒ.രാജഗോപാൽ. കുമ്മനം മത്സരിക്കേണ്ടതില്ല എന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. ഇത് കുമ്മനം വഹിക്കുന്ന ഉയർന്ന പദവി മാനിച്ചാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സ്ഥാനാർഥിയായി മോഹൻലാലിനെയും ആലോചിച്ചിരുന്നുവെന്നും ഒ രാജഗോപാൽ പറഞ്ഞു. എന്നാൽ താൻ ആരെയം സമീപിച്ചിട്ടില്ല. സുരേഷ് ഗോപി , കുമ്മനം രാജശേഖരൻ എന്നിവരക്കൊപ്പമാണ് ലാലിന്റെ പേരും പറഞ്ഞു കേട്ടത്. മോഹൻലാലിനെ സമീപിച്ചെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഒ രജഗോപാൽ പറഞ്ഞു.
മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയർക്കുള്ളതാണെന്നത് ബോധ്യമാണ്. തന്റെ അഭിപ്രായം തന്നെയാണ് ബിജെപി നിലപാടെന്നും രാജഗോപാൽ പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്റെ പൂർണ്ണാധികാരം തങ്ങൾക്കാണെന്ന മലയരയരുടെ വാദത്തെ അംഗീകരിക്കുന്നില്ല. മകരവിളക്ക് തെളിയിക്കുന്നത് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണെന്നും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ യാന്ത്രികമായാണ് ഇത് ചെയ്യുന്നതെന്നും ഒ. രാജഗോപാൽ പറഞ്ഞു. ഈ വസ്തുത വിശ്വാസികളിൽ പലർക്കും അറിയാം അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിവാദം തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യമെന്ന് ഒ.രാജഗോപാൽ പറഞ്ഞു. വിശ്വാസ സമൂഹത്തിന്റെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഒന്നിൽ കൂടുതൽ എംപിമാർ കേരളത്തിൽ നിന്നുണ്ടാകും. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ ലോബി പ്രർത്തിക്കുന്നതായും ഒ.രാജഗോപാൽ ആരോപിക്കുന്നു. വിദേശത്ത് നിന്നുളള ലോബിക്ക് എൽഡിഎഫ് സർക്കാരിൽ സ്വാധീനമുണ്ട്. ശബരിമലയിൽ വിമാന താവളം കൊണ്ടുവരാനുള്ള നീക്കം ഈ ലോബിക്ക് വേണ്ടിയാണെന്നും രാജഗോപാൽ പറഞ്ഞു.
നിയമസഭയിൽ വേണ്ടത്ര പെർഫോം ചെയ്തില്ലെന്ന് ഒ.രാജഗോപാൽ പറഞ്ഞു. വിഷയങ്ങൾ അവതരിപ്പിക്കാൻ സമയവും അവസരവും ലഭിക്കാറില്ല. സഭയിൽ തിളങ്ങിയില്ലെന്നും അദ്ദേഹം സമ്മതിച്ചു. ഒ രാജഗോപാലുമായുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖം ഇന്ന് വൈകുന്നേരും 6.30ന് 24 ൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here