Advertisement

സാവകാശ ഹര്‍ജിയ്ക്ക് തന്നെ പ്രഥമ പരിഗണന; നിലപാടിലുറച്ച് ബോര്‍ഡ് പ്രസിഡന്റ്

February 8, 2019
Google News 1 minute Read
a padmakumar

ശബരിമല യുവതീപ്രവേശനുമായി ബന്ധപ്പെട്ട സാവകാശ ഹര്‍ജിയ്ക്ക് പരിഗണനയെന്ന നിലപാടിലുറച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും പത്മകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

മന്ത്രിയും താനുമായി ഒരു തര്‍ക്കവുമില്ല. ദേവസ്വം മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും ദേവസ്വം ബോര്‍ഡില്‍ ഒരു അനിശ്ചിതത്വവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജിയ്ക്ക് പ്രസക്തിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ എന്‍.വാസുവും നേരത്തെ  പറഞ്ഞിരുന്നു.എന്നാല്‍ ഇവരെ തള്ളിയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Read Also: വാര്‍ത്ത അപൂര്‍ണ്ണം; റഫാലില്‍ ആരോപണങ്ങള്‍ തള്ളി നിര്‍മ്മല സീതാരാമന്‍

നേരത്തെ സാവകാശ ഹര്‍ജിക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നീക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും വ്യക്തമാക്കിയിരുന്നു. പ്രസിഡന്റായി പത്മകുമാര്‍ തന്നെ തുടരും. പ്രസിഡന്റിനും ദേവസ്വം കമ്മീഷണര്‍ക്കും ഇടയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും ഇരുവരുമായും താന്‍ ഇന്നലെത്തന്നെ സംസാരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം കമ്മീഷണര്‍ പ്രസിഡന്റ് എന്നിവരെ സിപിഎം സംസ്ഥാനസെക്രട്ടറി കാണുന്നതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ കോടിയേരിയെ കാണുമെന്നും ശബരിമല കേസില്‍ സാവകാശത്തിന് പ്രസക്തിയില്ലെന്നും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും പറഞ്ഞിരുന്നു. കോടതിയില്‍ അറിയിച്ചത് യുവതിപ്രവേശനം ബന്ധപ്പെട്ട ദേവസ്വംബോര്‍ഡിന്റെ നിലപാടാണ്. കോടിയേരിയെ കണ്ടതില്‍ അസ്വാഭാവികതയില്ല. കോടിയേരിയെ കണ്ടത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വ്യത്യസ്ത അഭിപ്രായത്തെക്കുറിച്ച് പറയാനാണ്. ബോര്‍ഡ് പ്രസിഡന്റ് രാഷ്ട്രീയ നിയമനം ആയതുകൊണ്ടാണ് കോടിയേരിയെ കണ്ടതെന്നും എന്‍ വാസു വ്യക്തമാക്കി.

Read Also: യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ധാരണ; സിപിഎം- ബിജെപി ചര്‍ച്ച നടന്നതായി ചെന്നിത്തല

അതേസമയം ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടിയന്തര യോഗം ചേരും. രണ്ടു ദിവസത്തിനകം യോഗം ചേരുമെന്നാണ് സൂചന. ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും കമ്മിഷണര്‍ എന്‍ വാസുവും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here