തെരഞ്ഞെടുപ്പ്; പരിഗണിക്കുന്നത് സ്ഥാനാര്‍ത്ഥികളുടെ യോഗ്യത മാത്രമെന്ന് മുല്ലപ്പള്ളി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നത് സ്ഥാനാർഥികളുടെ യോഗ്യത മാത്രമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മറ്റ് മാനദണ്ഡങ്ങൾ ഉണ്ടാവില്ല. യൂത്ത് കോൺഗ്രസ് നേതൃത്വം നേതൃത്വത്തിന് മുൻപിൽ പ്രത്യേക സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ല. അത് പാർട്ടി വേദികളിൽ ആണ് ചർച്ച ചെയ്യേണ്ടത്. പത്മകുമാർ എടുത്ത നിലപാടിൽ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. ഉമ്മൻചാണ്ടിക്ക് മേൽ സമ്മർദ്ദമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാർട്ടി തീരുമാനം എടുക്കും. എഐസിസി നിർദ്ദേശം അനുസരിച്ചു സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനമഹായാത്രക്ക് വമ്പിച്ച വരവേല്പ് ആണ് ലഭിക്കുന്നതെന്ന് ചെന്നിത്തലയും പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള തെളിവാണ് ഇത്. വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ തോൽപിച്ചു ബിജെപിയെ ജയിപ്പിക്കാൻ ആണ് സിപിഎം ശ്രമിക്കുന്നത്. ബിജെപിയും സിപിഎമ്മും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസിന്റെ സീറ്റുകൾ കുറക്കുക എന്നതാണ്. ബിജെപിയുമായി സിപിഎം ഇതിന്റെ ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കി എന്നാണ് മനസിലാക്കുന്നത്. യുഡിഎഫിന്റെ ഏക ലക്ഷ്യം ബിജെപിയെ താഴെ ഇറക്കുക എന്നതാണ്. സിപിഎം ബിജെപിയുമായി കൈകോർത്ത് കൊണ്ട് യുഡിഎഫിനെ പരാജപ്പെടുത്താൻ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ശബരിമല വിഷയത്തിൽ സുവർണ്ണാവസരം ലക്ഷ്യമാക്കി വന്ന ബിജെപിയെ സിപിഎം ശക്തിപ്പെടുത്തി.
ഇൻഡ്യയുടെ പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി വരും.
റാഫേൽ കരാർ പ്രതിരോധ മന്ത്രി പോലും അറിഞ്ഞില്ല എന്നത് വസ്തുതയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് ഇത് നടത്തിയത്. ബിജെപി യും സിപിഎം ഉം ലക്ഷ്യം വെക്കുന്നത് കോണ്‍ഗ്രസിന്റെ സീറ്റുകളാണ്. പ്രളയത്തിൽ തകർന്ന ജനതക്ക് മേൽ 1700 കോടിയുടെ അധിക ബാധ്യത വരുത്തിയ സർക്കാർ ആണ് ഇത്. സെസ് വർധിപ്പിച്ചത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ മാറ്റി വെച്ചിരിക്കുകയാണ്. അത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സീറ്റ് ചർച്ചകൾ 18 ന് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്നെ ഒരു നോക്കുകുത്തി ആക്കി മാറ്റി. ദേവസ്വം ബോർഡിൽ സർക്കാർ കൈകടത്തി. പ്രസിഡന്റിനെ അവഹേളിക്കാനാണ് സർക്കാരിന്റെ ശ്രമം. എകെജി സെന്ററിൽ നിന്നുള്ള നിർദ്ദേശമാണ് നടപ്പിലാക്കുന്നത്. പത്മകുമാർ പാവയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here