ഹാരിസണ്‍ ഭൂമി തിരിച്ചുപിടിക്കണം; മുഖ്യമന്ത്രിക്ക് വി എസിന്റെ കത്ത്

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വച്ചു പോരുന്ന ഭൂമി ഏറ്റെടുക്കാന്‍ കര്‍ശനമായ നടപടികളുണ്ടാവണമെന്ന് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ നിലനില്‍പ്പ് തന്നെ നിയമവിരുദ്ധവും വഞ്ചനാപരവുമാണ്. 2012ല്‍ റവന്യൂ മന്ത്രി പ്രഖ്യാപിച്ചത് എട്ട് ജില്ലകളിലായുള്ള ഹാരിസണിന്റെ മുഴുവന്‍ തോട്ടങ്ങളും ഏറ്റെടുക്കുമെന്നായിരുന്നു. പക്ഷെ, അത് നടന്നില്ല. കോടതികളില്‍ ഒത്തുകളിച്ച് ഹാരിസണ്‍ പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വെച്ച ഭൂമി സുരക്ഷിതമാക്കിക്കൊടുക്കുകയാണുണ്ടായതെന്നും കത്തില്‍ പറയുന്നു.
പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഹാരിസണ്‍ വില്‍ക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തു. നിയമലംഘനം നടത്തുന്ന ഹാരിസണ്‍ പ്ലാന്റേഷന്‍സിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കണമെന്നാണ് കത്തിലെ ആവശ്യം. നെല്ലിയാമ്പതിയില്‍ നാലായിരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചപ്പോള്‍ നിയമ തടസ്സങ്ങളുണ്ടായില്ലെന്ന കാര്യവും നിയമനിര്‍മ്മാണം നടത്തി ഭൂമി ഏറ്റെടുക്കാവുന്നതാണെന്ന നിയമോപദേശത്തിന്റെ കാര്യവും യുഡിഎഫ് ഭരണകാലത്തെ എല്‍ഡിഎഫ് നിലപാടും വിഎസ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്നതും പിന്നീടു വിറ്റതുമായ 38,000 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ നേരത്തേ എം.ജി.രാജമാണിക്യം ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു. രാജമാണിക്യത്തിന് ഇതിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്നും ഭൂമിയേറ്റെടുക്കൽ സംബന്ധിച്ചു നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വിധിച്ചു. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം ഹാരിസണിനു കോടതി നൽകിയില്ല. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ പോയപ്പോഴും സമാന നിലപാടാണുണ്ടായത്. തർക്കം സിവിൽ കേസ് വഴി തീർപ്പാക്കാനും നിർദേശിച്ചു.ഈ വിധിയനുസരിച്ചാണു സിവിൽ കേസിലേക്കു നീങ്ങാമെന്ന തീരുമാനത്തിൽ റവന്യു വകുപ്പ് എത്തിയത്. നികുതി സ്വീകരിക്കണമെങ്കിൽ ഉപാധികളോടെയാവണം, സിവിൽ കേസിന്റെ അന്തിമതീർപ്പിനു വിധേയമായിരിക്കണം, തർക്കഭൂമിയിൽ നിന്നു മരം മുറിച്ചാൽ ദേശസാൽകൃത ബാങ്കിൽ പണം കെട്ടി വയ്ക്കണം, റബർബോർഡ് അനുവദിച്ചാൽ മാത്രം റീപ്ലാന്റേഷൻ തുക പിൻവലിക്കാം എന്നീ വ്യവസ്ഥകളോടെയായിരുന്നു റവന്യു വകുപ്പിന്റെ ഫയൽ. റവന്യുമന്ത്രി ഇതേക്കുറിച്ചു മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ധാരണയിലുമെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here