സിമന്റ് വില വര്‍ദ്ധന; സമരത്തിനൊരുങ്ങി വ്യാപാരികള്‍

സംസ്ഥാനത്തെ സിമൻറ് വില വർദ്ധനവിനെതിരെ സമരത്തിനൊരുങ്ങി വ്യാപാരി വ്യവസായ ഏകോപന സമിതി. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നും വ്യാപാര വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനെതിരെ സിമൻറ് വ്യാപാരികളുടെ യോഗം ഈമാസം 24ന് തൃശ്ശൂരിൽ ചേരും.
എക്സൈസ് ഡ്യൂട്ടി, ഡംബിങ് ഡ്യൂട്ടി, ഇംപോര്‍ട്ടിംഗ് ഡ്യൂട്ടി എന്നിവ ഇല്ലായ്മ ചെയ്ത് ഇന്ത്യയിലാകെ ജിഎസ്ടി ഏർപ്പെടുത്തിയ നികുതി സമ്പ്രദായം നിലവിൽ വന്നിട്ടും കർണാടകയിലും തമിഴ്നാട്ടിലും 300, 350 രൂപയ്ക്ക് വിൽക്കുന്ന സിമൻറ് കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് 450 രൂപയ്ക്ക് വാങ്ങി വിൽകേണ്ടി വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.അയൽ സംസ്ഥാനങ്ങളിലെ വിലയുമായി ഏകീകരണമുണ്ടാക്കണമെന്ന് കേരള വ്യാപാരി ഏകോപന സമിതി നിരന്തരം ആവശ്യപ്പെട്ടെങ്കിലും വൻകിടകമ്പനികൾ തയ്യാറായിട്ടില്ല. വൻകിട കോർപ്പറേറ്റുകൾക്ക് നിർമാണത്തിനും വിലകുറച്ച് സാധനങ്ങൾ നൽകുമ്പോൾ ചെറുകിട കച്ചവടക്കാർക്ക് വിലകൂട്ടി നിൽക്കുന്ന സ്ഥിതിയാണ് നിലവില്‍.
അനിയന്ത്രിത വില കയറ്റത്തിനെതിരെ കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. മുഴുവൻ സിമൻറ് വ്യാപാരികളും ഈ മാസം 24ന് തൃശ്ശൂരിൽ യോഗം ചേർന്ന് സിമൻറ് വിലക്കയറ്റത്തിനെതിരെ സമരപരിപാടികൾക്ക് രൂപം നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here