Advertisement

കെഎസ് യു ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം തള്ളി സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്

February 11, 2019
Google News 1 minute Read

കെ എസ് യു എറണാകുളം ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം തള്ളി സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്. എറണാകുളം ജില്ലാ കമ്മിറ്റിയുടേത് തെറ്റായ നടപടിയാണെന്നാണ് അഭിജിത്ത് പറയുന്നത്.  ജില്ലാ പ്രസിഡന്റിനോട് വിശദീകരണം ചോദിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കും.സംഘടനയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തരുതെന്ന് ജില്ലാ ഭാരവാഹികൾക്കടക്കം കർശന നിർദേശം നൽകി.

അനിൽ ആന്റണിയുടെ നിയമനം കെ.എസ്.യു സ്വാഗതം ചെയ്യുന്നു. കോൺഗ്രസ് നേതാക്കളെ വിമർശിക്കാൻ കെ എസ് യു വിന് ഭയമില്ല.എന്നാൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ആരോപിക്കരുത്.അനിൽ ആൻറണിയുടേത് അർഹതപ്പെട്ട നിയമനമെന്നും എഐസിസി നേരിട്ടാണ് നിയമനം നടത്തിയതെന്നും അഭിജിത് കോഴിക്കോട്ട് പറഞ്ഞു.

മകനെ രാഷ്ട്രീയത്തില്‍ ഇറക്കുന്നതിന് എ.കെ ആന്റണിയെ പരോക്ഷമായി വിമര്‍ശിച്ചാണ് കെ.എസ്.യു പ്രമേയം പുറത്തിറക്കിയത്. കെ.എസ്.യു എറണാകുളം ജില്ലാ സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലായിരുന്നു വിമര്‍ശനം.   ‘അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ’ എന്ന ഭഗവദ്ഗീതയിലെ ചോദ്യം കേരളത്തിലെ ഉന്നത നേതാക്കന്മാരോട് ചോദിക്കാന്‍ ഓരോ കെ.എസ്.യു പ്രവര്‍ത്തകനും തയാറാകണമെന്നാണ് പ്രമേയത്തില്‍ ഉണ്ടായിരുന്നത്.
പ്രസ്ഥാനത്തിനു വേണ്ടി കല്ലുകൊണ്ടു പോലും കാല്‍ മുറിയാത്ത ചില അഭിനവ ‘പാല്‍വാല്‍ ദേവന്‍’മാരുടെ പട്ടാഭിഷേകത്തിന് ശംഖൊലി മുഴങ്ങുകയാണ്. യഥാര്‍ഥ പ്രവര്‍ത്തകരുടെ നെഞ്ചത്ത് നടത്തുന്ന ഇത്തരം സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇവര്‍ക്കൊക്കെ ലീഡറുടെ മക്കള്‍ മാത്രമായിരുന്നോ കിങ്ങിണിക്കുട്ടന്മാര്‍. പരമ്പര്യ സ്വത്തു പോലെയാണ് കോണ്‍ഗ്രസിലെ ചില കാരണവന്മാര്‍ തങ്ങളുടെ മണ്ഡലങ്ങള്‍ കൈയ്യടക്കി വച്ചിരിക്കുന്നത്. 65 വയസുള്ള ആര്‍ ശങ്കറിനെ ‘കടല്‍ക്കിഴവന്‍’ എന്നു വിളിച്ച് പുറത്താക്കിയ അന്നത്തെ യുവ കേസരികളുടെ ആര്‍ജവം ഉള്‍ക്കൊണ്ട് തലമുറമാറ്റമെന്നത് പ്രസംഗത്തില്‍ ഒതുക്കാതെ പ്രവൃത്തിയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കെ എസ് യു പ്രമേയത്തിനെതിരെ മുന്‍ മന്ത്രി കെ ബാബുവും രംഗത്തെത്തിയിരുന്നു. എ. കെ. ആന്റണിയ്‌ക്കെതിരായ പ്രമേയം കെ.എസ്.യുവിന് ഭൂഷണമല്ലെന്നും അനില്‍ ആന്റണിയുമായി ബന്ധപ്പെട്ട് കെ. എസ്. യു. എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചതായി പറയപ്പെടുന്ന പ്രമേയം രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്നും കെ. ബാബു ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ആന്റണിക്ക് മകനെ രാഷ്ട്രീയത്തിലിറക്കണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസിലൂടെ ആകാമായിരുന്നു. കെ.എസ്.യു. നടപടി വിദ്യാര്‍ത്ഥി സംഘടന രാഷ്ട്രീയത്തിന് ഭൂഷണമല്ല. പ്രസ്തുത പ്രമേയം ശുദ്ധ അസംബന്ധവും എ. കെ. ആന്റണിയെന്ന വ്യക്തിത്വത്തെ അധിക്ഷേപിക്കലുമാണെന്നാണ് കെ ബാബു വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍  സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തും രംഗത്ത് എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here