കർണാടകയിലെ ‘ കുതിര കച്ചവടം’; അന്വേഷണം നടത്താന്‍ ഉത്തരവിട്ട് സർക്കാർ

കർണാടകയിലെ ജെഡിഎസ് എംഎല്‍എ നാഗനഗൌഡ ഖണ്ഡ്ക്കുറിനോട്, കൂറ് മാറാന്‍ ആവശ്യപ്പെട്ടത് ബിജെപി നേതാവ് ബിഎസ് യെദ്യൂര്യപ്പയാണെന്ന് സമ്മതിച്ചതോടെ കുതിര കച്ചവടം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സർക്കാർ ഉത്തരവിട്ടു. ഭരണകക്ഷി എംഎല്‍എമാരെ പലരെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം പുറത്ത് വന്ന സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം.
കർണാടക നിയമസഭാ സ്പീക്കർ രമേശ് കുമാറിന്‍റെ നിർദേശ പ്രകാരമാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ച് ബി ജെ പിക്കെതിരായ കുതിരക്കച്ചവട ആരോപണം അന്വേഷിക്കാന്‍ ഉത്തരവിട്ടത്. ദേവദുർഗയിലെ ഗസ്റ്റ് ഹൌസില്‍ വെച്ച് നാഗനഗൌഡ എം എല്‍ എയുടെ മകന്‍ ശരണ ഗൌഡയുമായി സംസാരിച്ചുവെന്ന് യെദ്യൂര്യപ്പ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
Read More : കർണാടകത്തിൽ ‘കുതിര കച്ചവടം’; എന്താണ് കുതിര കച്ചവടം; എന്തുകൊണ്ടാണ് ആ പ്രയോഗം ?
എന്നാല്‍ കൂടിക്കാഴ്ച്ചയിലെ പൂർണ്ണമായ ശബ്ദ സംഭാഷമല്ല പുറത്ത് വന്നതെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി നേതാക്കള്‍ മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തെന്നും അഞ്ച് കോടി രൂപ കൈപ്പറ്റിയെന്നും കോലാറില്‍ നിന്നുള്ള ജെ ഡി എസ് എം എല്‍ എ ശ്രീനിവാസ ഗൌഡയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടത്.
Read More : കര്‍ണ്ണാടകത്തില്‍ കുതിരക്കച്ചവടം; വാഗ്ദാനം 100കോടി രൂപ
ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനും തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രബലനായ നേതാവുമായ യെദ്യൂരപ്പ തന്നെ രാഷ്ട്രീയ കുതിരക്കച്ചവടം നടത്താന്‍ നേതൃത്വം നല്‍കിയെന്ന് സമ്മതിച്ചത് വലിയ വിവാദങ്ങളാണ് കർണാടകയിലുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും മന്ത്രി ഡി കെ ശിവകുമാറും യെദ്യൂര്യപ്പ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. 2008ന് സമാനമായി ഓപ്പറേഷന്‍ കമലയിലൂടെ കോണ്‍ഗ്രസ്- ജെ ഡി എസ് എം എല്‍ എമ്മാരെ സ്വാധീനിച്ച് സർക്കാരിനെ അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന ആരോപണം തെളിഞ്ഞെന്ന് നേതാക്കള്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here