കുറ്റം സമ്മതിപ്പിക്കാൻ ജീവനുള്ള പാമ്പിനെ പ്രതിയുടെ കഴുത്തിലിട്ട് പോലീസ്; വീഡിയോ

കുറ്റം സമ്മതിപ്പിക്കാൻ ജീവനുള്ള പാമ്പിനെ പ്രതിയുടെ കഴുത്തിലിട്ട് പൊലീസ്. ഇന്തോനേഷ്യയിലാണ് സംഭവം. പ്രതിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ടിരിക്കുന്നതും മോഷണം പോയ മൊബൈൽ ഫോണുകളെ കുറിച്ച് പോലീസ് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

എത്ര തവണ മൊബൈൽ കട്ടെടുത്തു എന്ന ചോദ്യത്തിന് ‘രണ്ട് തവണ’ എന്ന് ഉത്തരം നൽകുന്നുണ്ട്. പാമ്പിനെ പ്രതിയുടെ വായിലും പാന്റിനകത്തും ഇടുമെന്ന് ഭീഷണിപ്പെടുത്തുന്ന സ്വരവും വീഡിയോയിൽ കേൾക്കാം.

ജയാവിജയ പോലീസ് മേധാവി ടോണി ആനന്ദ സ്വദയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ക്ഷമാപണ കത്തിൽ പറയുന്നു. പാമ്പിന് വിഷമില്ലായിരുന്നുവെന്നും ഇണക്കിയതായിരുന്നുവെന്നും കുറ്റം ‘തെളിയിക്കുക’ ആയിരുന്നു പോലീസുകാരുടെ ഉദ്ദേശമെന്നും കുറിപ്പിൽ പറയുന്നു.

Read More : പാമ്പിനെ ദേഹത്തിട്ടയാളോട് സണ്ണിയുടെ മധുര പ്രതികാരം

വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലോകത്തിന്റെ വിവിധ കോണിൽ നിന്നുള്ള നിരവധി പേരാണ് പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇത് ആദ്യമായല്ല പപ്വയിൽ ഇത്തരം മനുഷ്യത്വ രഹിതമായ പ്രവർത്തനം നടക്കുന്നത്. ഇതിന് മുമ്പും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും സമാന ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി അനുബവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top