സംസ്ഥാനത്ത് സിമന്റ് വില ഉയരുന്നുവെന്ന പ്രചാരണം തള്ളി കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ

സംസ്ഥാനത്ത് സിമന്റ് വില കുത്തനെ ഉയരുന്നുവെന്ന പ്രചാരണത്തെ തള്ളി കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ. ഇല്ലാത്ത വില ഉണ്ടെന്ന് പ്രചരിപ്പിച്ച് ചിലർ വില വർദ്ധനവിന് കളമൊരുക്കുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു. പല സിമന്റ് ബ്രാൻഡുകളും 330 രൂപ മുതൽ വിപണിയിൽ ലഭ്യമാണെന്നും കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി സക്കീർ ഹുസ്സൈൻ വ്യകതമാക്കി.
സിമന്റ് വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 75 രൂപയോളം കൂടിയെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇത് നിർമാണ മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി കേരള സിമന്റ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയടക്കം രംഗത്തു വന്നിരുന്നു. എന്നാൽ ഇത് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കലാണെന്നും കമ്പനികൾക്ക് വില വർധിപ്പിക്കാനുള്ള ഒത്താശ ഒരുക്കലാണെന്നും മറ്റൊരു സംഘടനയായ കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.
നിലവിൽ ചില സിമന്റ് കമ്പനികൾ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും പല ബ്രാൻഡുകളും 330 രൂപ മുതൽ ലഭ്യമാണ്. നാമമാത്രമായ വില വർദ്ധനവാണ് ഇപ്പോൾ കേരളത്തിൽ ഉള്ളതെന്നും അസോസിയേഷൻ വ്യകതമാക്കി.സിമന്റ് ജി എസ് ടി 28% ൽ നിന്നും 5% ആക്കി കുറയ്ക്കണമെന്നും കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.അതേസമയം സിമന്റ് വ്യാപാരി സംഘടനകൾക്കിടയിലെ അഭിപ്രായ വ്യത്യാസം വിപണിയിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here