Advertisement

സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

February 14, 2019
Google News 0 minutes Read
voters

സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് .12 ജില്ലകളിലായി 22 ഗ്രാമ പഞ്ചായത്ത് വാർഡിലും 3 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും 4 നഗരസഭാ വാർഡിലും കൊച്ചി കോർപ്പറേഷനിലെ ഒരു വാർഡിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 111 സ്ഥാനാർഥികളാണ് ഉപതെരെഞ്ഞടുപ്പിൽ ജനവിധി തേടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുമുന്നണികൾക്കും ബിജെപിക്കും നിർണായകമാണ് പ്രാദേശിക ഉപതെരഞ്ഞെടുപ്പ്.

തിരുവനന്തപുരം ജില്ലയിലെ രണ്ട് തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കിള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം , ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞിയിലേക്കുമാണ് വോട്ടെടുപ്പ്. പത്തനംതിട്ട റാന്നി പഞ്ചായത്തിലെ പുതുശേരി മലയിലും ആലപ്പുഴയില്‍ ഭജനമഠം, നാരായണ വിലാസം വാര്‍ഡുകളിലും വോട്ടര്‍മാര്‍ വിധിയെഴുതും. എറണാകുളം ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത,ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം, കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ് തുടങ്ങിയവിടങ്ങളിലാണ് ഇന്ന് ജനവിധി.

വോട്ടെടുപ്പ് രാവിലെ ഏഴിന് തുടങ്ങി വൈകീട്ട് അഞ്ചിന് സമാപിക്കും. നാളെയാണ് വോട്ടെണ്ണല്‍. കുന്നുകരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഏഴ് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അതുകൊണ്ട് തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം  കുന്നുകരയിലായിരിക്കും. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ പുതിയോട്ടും കണ്ടിയിലാണ് ഉപതെരഞ്ഞെടുപ്പ് . ഈ വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഫലമായിരിക്കും പഞ്ചായത്ത് ആര് ഭരിക്കണമെന്ന കാര്യം തീരുമാനിക്കുക. 17 വാര്‍ഡുകളുള്ള ഒഞ്ചിയം പഞ്ചായത്തില്‍ നിലവില്‍ യു.ഡി.എഫ് പിന്തുണയോടെ ആര്‍.എം.പിയാണ് ഭരിക്കുന്നത്. ആര്‍ എം പി അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.ഞ്ചിയം പഞ്ചായത്തിലെ ആര്‍.എം.പി സ്ഥാനാര്‍ത്ഥി പി.ശ്രീജിത്ത് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒഞ്ചിയം പഞ്ചായത്തിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വടകര അസിസ്റ്റന്‍റ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here