Advertisement

ഉപതെരഞ്ഞെടുപ്പ്; ഒഞ്ചിയത്ത് സിപിഐഎമ്മിനെ പരാജയപ്പെടുത്തി ആര്‍എംപി; ഭരണം നിലനിര്‍ത്തി

February 15, 2019
Google News 0 minutes Read

കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നടന്ന നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എംപി സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് പിന്തുണയോടെ ആര്‍എംപി സ്ഥാനാര്‍ത്ഥി പി ശ്രീജിത്താണ് 308 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇതോടെ ഒഞ്ചിയം പഞ്ചായത്ത് ഭരണവും ആര്‍എംപി നിലനിര്‍ത്തി. പാലക്കാട് നഗരസഭയിലെ കല്‍പ്പാത്തി വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി.

കോഴിക്കോട് ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പാണ് നിര്‍ണായകവും ശ്രദ്ധേയമായതും. പഞ്ചായത്ത് ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി രാജാറാമിനെതിരെ ആര്‍ എം പി സ്ഥാനാര്‍ത്ഥി പി ശ്രീജിത്ത് 308 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് പിന്തുണയോടെയാണ് ആര്‍എംപി അഞ്ചാം വാര്‍ഡ് നിലനിര്‍ത്തിയത്.

ആര്‍എംപിയുടെ ശക്തികേന്ദ്രമായ അഞ്ചാം വാര്‍ഡില്‍ കഴിഞ്ഞതവണ നേടിയ 577 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ നേടാനായില്ലെങ്കിലും 308 വോട്ടിന്റെ വിജയം ശ്രദ്ധേയമായി. ആര്‍എംപിഐയുടെ പഞ്ചായത്തംഗമായ ഗോപിനാഥന്റെ മരണത്തോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 17 വാര്‍ഡുകളുള്ള ഒഞ്ചിയത്ത് ആറ് വാര്‍ഡില്‍ വിജയിച്ച ആര്‍എംപി മൂന്ന് വാര്‍ഡില്‍ വിജയിച്ച യുഡിഎഫ് പിന്തുണയോടെയായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്.

ലോക്താന്ത്രിക് ജനതാദള്‍ അടക്കം എല്‍ഡിഎഫ്.ന് 8 അംഗങ്ങള്‍ പഞ്ചായത്തിലുണ്ടായിരുന്നു. പാലക്കാട് നഗരസഭയിലെ രണ്ടാം വാര്‍ഡായ കല്‍പ്പാത്തിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.എസ് വിബിന്‍ 421 വോട്ടുകള്‍ക്കും വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ശാന്തകുമാരന്‍ രണ്ടാം സ്ഥാനത്തെത്തി. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശരവണന്‍ രാജിവെച്ച് ബിജെപിയിലേക്ക് പോയത് ഏറെ വിവാദമായിരുന്നു. ഇതോടെ അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പാലക്കാട് നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here