പുൽവാമ ഭീകരാക്രമണം: സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം, ജോലി; ഝാർഖണ്ഡ് മുഖ്യമന്ത്രി

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗങ്ങളിലൊരാൾക്ക് ജോലിയും നൽകുമെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് പ്രഖ്യാപിച്ചു. ഝാർഖണ്ഡിൽ നിന്നുള്ള സിആർപിഎഫ് ജവാൻ വിജയ് സോരംഗാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. രക്തസാക്ഷികൾ ഒരിക്കലും മരിക്കുന്നില്ല. സ്വർഗത്തിലും അവർ വീരസ്വർഗം പ്രാപിക്കുന്നു എന്നായിരുന്നു അനുശോചനം അർപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ.
വ്യാഴാഴ്ചയാണ് സൈനികർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേർക്ക് ഭീകരർ ആക്രമണം നടത്തിയത്. 39 സൈനികരാണ് അക്രമണത്തിൽ കൊല്ലപ്പെട്ടത്. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. 78 വാഹനങ്ങളിലായി 2500 സൈനികർ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പരിശീലനം കഴിഞ്ഞ് മടങ്ങിപ്പോയിക്കൊണ്ടിരിക്കവേ ആയിരുന്നു ഭീകരാക്രമണം. 2016 സെപ്റ്റംബറിൽ ഉറിയിൽ നടന്ന ഭീകരാക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടിരുന്നു.
Read More:പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രം
നിരവധി പേരാണ് ആക്രമത്തിൽ കടുത്ത അമർഷവും പ്രതിഷേധവും പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഭീകരവാദത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ പ്രതികരിച്ചത്. ചാവേർ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകണമെന്നായിരുന്നു ട്വിറ്ററിലൂടെ ഗംഭീർ വ്യക്തമാക്കിയത്. നമുക്ക് വിഘടന വാദികളുമായി സംസാരിക്കാം, പാക്കിസ്ഥാനുമായും സംസാരിക്കാം. പക്ഷേ ഇത്തവണ ചർച്ച മേശയ്ക്ക് ചുറ്റുമിരുന്ന് കൊണ്ടല്ലെന്നും അത് യുദ്ധക്കളത്തിലാണെന്നുമായിരുന്നു ട്വിറ്ററിൽ ഗൗതം ഗംഭീറിന്റെ പ്രതികരണം.
പുൽവാമയിലെ ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലികളർപ്പിക്കുന്നതായും ട്വിറ്ററിൽ രേഖപ്പെടുത്തി. ധീരസൈനികരുടെ വീരചരമത്തിൽ പറഞ്ഞറിയിക്കാനാകാത്ത വേദനയുണ്ടെന്നാണ് മുൻ താരം വീരേന്ദർ സെവാഗ് പ്രതികരിച്ചത്. ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, സുരേഷ് റെയ്‌ന, പ്രവീൺ കുമാർ, ഉൻമുക്ത് ചന്ദ്, ഹർഭജൻ സിംഗ്, മിതാലി രാജ് എന്നിവരും സൈനികർക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തി.ബോക്‌സിംഗ് താരങ്ങളായ വിജേന്ദർ സിങ്, മനോജ് കുമാർ, റെസ്‌ലിംഗ് താരം സാക്ഷി മാലിക് തുടങ്ങിയവരും ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here