‘അങ്ങനെ എന്തെങ്കിലും പ്രത്യേകത കാണിച്ചാലല്ലേ അദ്ദേഹം കണ്ണന്താനമാകൂ’; സെല്‍ഫി വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍

പുല്‍വാലയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി വസന്തകുമാറിന്റെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് വിവാദത്തിലായ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അല്‍ഫോണ്‍സ് കണ്ണന്താനമല്ലേ അത് ചെയ്തതെന്നും, അങ്ങനെ എന്തെങ്കിലും പ്രത്യേകത കാണിച്ചാലല്ലേ അദ്ദേഹം കണ്ണന്താനമാകൂ എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതില്‍ കൂടുതല്‍ എന്ത് പറയാനാണ്. ഇത്തരം സംഭവങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഔചിത്യബോധം കാണിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വസന്തകുമാറിന്റെ മൃതദേഹം വസതിയിലെത്തിച്ചപ്പോഴായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സെല്‍ഫി. ‘വസന്തകുമാറിനെപ്പോലെയുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നത്’ എന്ന ഒരു കുറിപ്പും ചിത്രത്തിനൊപ്പം കേന്ദ്രമന്ത്രി പങ്കുവെച്ചു.
ഇതിന് പിന്നാലെ മന്ത്രിയെ വിമര്‍ശിച്ച് നിരവധി പേര്‍ ചിത്രത്തിന് താഴെ കമന്റിട്ടു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റേത് ധീര ജവാന്റെ ശരീരത്തോടൊപ്പമുള്ള സെല്‍ഫിയാണെന്നും ഇത് മൃതശരീരത്തോടുള്ള അനാദരവാണെന്നും അഭിപ്രായമുയര്‍ന്നു. ഇതോടെ മന്ത്രി സെല്‍ഫി ഡിലീറ്റ് ചെയ്യുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here