ടോപ് സിംഗര്‍ വേദിയില്‍ കണ്ണുകളെ ഈറനണിയിച്ച് വൈഷ്ണവി (വീഡിയോ)

ഫ്ളവേഴ്സ് ചാനലിലെ ടോപ് സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയില്‍ വൈഷ്ണവി ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ പാടി കരയിപ്പിക്കുകയായിരുന്നു. വൈഷ്ണവിയുടെ പ്രകടനം ടെലിവിഷനില്‍ കണ്ട പ്രേക്ഷകരും വികാരാധീനരായിരിക്കും. അത്രമാത്രം ഗാനത്തെ ഉള്‍ക്കൊണ്ടാണ് വൈഷ്ണവി പാടിയത്.
എസ് ജാനകി പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ പാടിയ എന്‍ പൂവേ പൊന്‍ പൂവേ എന്ന ഗാനമാണ് വൈഷ്ണവി ആലപിച്ചത്. സദസ്സും വിധികര്‍ത്താക്കളായ എം ജയചന്ദ്രനും സിതാര കൃഷ്ണകുമാറും എംജി ശ്രീകുമാറും വികാരാധീനരായാണ് പാട്ട് കേട്ടത്. കുട്ടി ജാനകി എന്ന് ജഡ്ജസ് വിശേഷിപ്പിക്കുന്ന കുഞ്ഞ് ഗായികയാണ് വൈഷ്ണവി. ഹൈദ്രാബാദില്‍ നിന്നാണ് വൈഷ്ണവി പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. യുകെജി വിദ്യാര്‍ത്ഥിനിയാണ്.
ഈ പാട്ടിലൂടെ ഈശ്വരനെ തന്നെയാണ് നേരിട്ട് കാണുന്നതെന്നാണ് വിധികര്‍ത്താവായ എംജയചന്ദ്രന്‍ പ്രതികരിച്ചത്. വിധികര്‍ത്താക്കളുടെ പ്രശംസ കേട്ട് വൈഷ്ണവിയുടെ കണ്ണും നിറഞ്ഞിരുന്നു. ഹൃദയത്തില്‍ തുളഞ്ഞ് കയറുന്ന പെര്‍ഫോമന്‍സാണ് ഇതെന്നാണ് എംജി ശ്രീകുമാര്‍ പ്രതികരിച്ചത്.
1992ലാണ് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രം തീയറ്ററുകളില്‍ എത്തിയത്. ഇളയരാജ സംഗീതം പകര്‍ന്ന ഗാനമാണിത്. ബിച്ചു തിരുമലയുടേതാണ് വരികള്‍. എസ് ജാനകിയുടെ ശബ്ദത്തില്‍ എത്തിയ ഈ ഗാനം അന്നും തീയറ്ററില്‍ കാണികളുടെ കണ്ണുകളെ ഈറനണിയിപ്പിച്ചിരുന്നു.
സംഗീതലോകത്തെ കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here