ആറ്റുകാൽ പൊങ്കാലയിൽ പൂർണ്ണമായും ഹരിത ചട്ടം നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ആറ്റുകാൽ പൊങ്കാലയിൽ പൂർണ്ണമായും ഹരിത ചട്ടം നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഹരിത ചട്ടം പാലിക്കാനുള്ള മാർഗ നിർദേശങ്ങൾ ഭക്തർക്കു നൽകിയെന്നു ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ഹരിത ചട്ടം പാലിക്കാൻ കർശനമായ നിർദ്ദേശങ്ങളാണ് ഇത്തവണ പൊങ്കാലയ്‌ക്കെത്തുന്ന ഭക്തർക്കു നൽകിയിട്ടുള്ളത്. പ്‌ളാസ്റ്റിക്, തെർമോകോൾ എന്നിവയിൽ ഭക്ഷണമോ കുടിവെള്ളമോ വിതരണം ചെയ്യാൻ അനുവദിക്കില്ല. ദൂരസ്ഥലങ്ങളിൽ നിന്നും പൊങ്കാല അർപ്പിക്കാൻ എത്തുന്നവർ സ്റ്റീൽ പാത്രങ്ങൾ കൈവശം കരുതണമെന്ന അറിയിപ്പ് ഇതിനോടകം ട്രസ്റ്റ് നൽകിക്കഴിഞ്ഞെന്ന് പ്രസിഡന്റ് ചന്ദ്രശേഖരൻപിള്ള പറഞ്ഞു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അന്നദാനത്തിനായി ആവശ്യമുള്ള സ്റ്റീൽ പാത്രങ്ങൾ നഗരസഭ ലഭ്യമാക്കും. പ്ലാസ്റ്റിക് ഉപയോഗിക്കുന്ന കച്ചവടക്കാർക്കെതിരെയും കർശന നടപടിയുണ്ടാകും.പൊങ്കാല ദിനത്തിലെ മാലിന്യം ദ്രുതഗതിയിൽ നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കി കഴിഞ്ഞു. നഗരസഭാ ഹെൽത്ത് വിഭാഗം ആവശ്യമായ വാഹനങ്ങളും തൊഴിലാളികളും ലഭ്യമാക്കും. രണ്ടായിരം ശുചീകരണത്തൊഴിലാളികളാണ് പൊങ്കാലയ്ക്കു ശേഷം നഗരം വൃത്തിയാക്കാനിറങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here