Advertisement

രണ്ടാം ലോങ് മാര്‍ച്ചിന് അഖിലേന്ത്യ കിസാന്‍ സഭയ്ക്ക് അനുമതി നിഷേധിച്ച് മഹാരാഷ്ട്ര പൊലീസ്; സമരക്കാരെ വിവിധയിടങ്ങളില്‍ തടഞ്ഞു

February 20, 2019
Google News 6 minutes Read

അഖിലേന്ത്യ കിസാന്‍ സഭയുടെ രണ്ടാം ലോങ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് മഹാരാഷ്ട്ര പൊലീസ്. കര്‍ഷകര്‍ക്ക് മാര്‍ച്ചിനുള്ള അനുമതി നിഷേധിച്ചുവെന്നും എന്നാല്‍ ഒരിടത്തുകൂടി പ്രതിഷേധം നടത്താന്‍ വിലക്കില്ലെന്നും നാസിക് സിറ്റി പൊലീസ് കമ്മീഷണര്‍ രവീന്ദ്ര കുമാര്‍ സിംഗാള്‍ പറഞ്ഞു.

സമരക്കാരെ മുംബൈയിലേക്ക് കടക്കാന്‍ പൊലീസ് അനുവദിക്കുന്നില്ല. വിവിധയിടങ്ങളില്‍ കര്‍ഷകരെ പൊലീസ് തടയുകയാണ്. അതേസമയം, പൊലീസിന്റെ നിര്‍ദ്ദേശം അഖിലേന്ത്യ കിസാന്‍ സഭ തള്ളി. പൊലീസ് തടഞ്ഞാലും തങ്ങള്‍ പിന്മാറില്ലെന്നാണ് സമരക്കാരുടെ പക്ഷം. മുംബൈയിലേക്ക് മാര്‍ച്ച് നടത്തുക തന്നെ ചെയ്യുമെന്നും സമരക്കാര്‍ പറയുന്നു.

നാസിക്കില്‍ നിന്നും ആരംഭിച്ച് ഈ മാസം 27ന് മുംബൈയില്‍ കര്‍ഷക റാലി അവസാനിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നാസിക്കില്‍ നിന്ന് കര്‍ഷകര്‍ കാല്‍നടയായി മുംബൈയിലേക്ക് നടത്തിയ റാലിയില്‍ നല്‍കിയ ഉറപ്പുകള്‍ കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും കര്‍ഷകര്‍ രംഗത്തിറങ്ങുന്നത്.

പെന്‍ഷന്‍, കൃഷിക്കാവശ്യമായ വെളളം ലഭ്യമാക്കല്‍, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടം എഴുതിതളളല്‍, ഉത്പന്നങ്ങള്‍ക്ക് ന്യായവില നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. കര്‍ഷകരുടെ കൃഷി ഭൂമി വന്‍ തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ അഹമ്മദാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന കാര്‍ഷിക സമരത്തില്‍ പല ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രേഖാ മൂലം നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here