സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ എത്തി

ഇന്ത്യാ സന്ദർശനത്തിനെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് സംയുക്ത വാർത്ത സമ്മേളനം നടത്തും. പുൽവാമ ചവേറാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് ശക്തമായ താക്കീത് സൌദി നൽകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. മുഹമ്മദ് ബിൻ സൽമാൻറെ സന്ദർശനത്തിൽ പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊർജ സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാറൊപ്പിടും.
ഇന്നലെ രാത്രിയിൽ ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഇന്ത്യ നൽകിയത്. രാവിലെ രാഷ്ട്രപതി ഭവനിൽ വെച്ച് നൽകുന്ന സ്വീകരണത്തിന് ശേഷം പത്ത് മുപ്പതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളുമായി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച്ച നടത്തും. പതിനൊന്ന് മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ച ഹൈദരാബാദ് ഹൌസിൽ വെച്ച് നടക്കും. തുടർന്ന് ഇരുവരും ചേർന്ന് നടത്തുന്ന പ്രസ്താവനയിൽ ഭീകരതക്കെതിരെ സൌദി അറേബ്യ എന്ത് നിലപാടാണ് പ്രഖ്യാപിക്കുക എന്നതാണ് എവരും ഉറ്റ് നോക്കുന്നത്.
പുൽവാമ ചാവേറാക്രമണത്തെ അപലപിച്ച സൌദി പാക്കിസ്ഥാനെതിരെ ഇന്ത്യയെടുത്തിരിക്കുന്ന നിലപാടിനെ പിന്തുണക്കുമെന്നാണ് സൂചന. അതേ സമയം പാക്കിസ്ഥാനിൽ ഇരുപത് ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപിക്കാനുള്ള തീരുമാനവും സൌദി അറേബ്യയിലെ പാക്കിസ്ഥാൻറെ അംബാസിഡായിരിക്കും താനെന്നുമുള്ള സൌദി കിരീടാവകാശിയുടെ പ്രസ്താവനയും ശ്രദ്ധയോടെയാണ് ഇന്ത്യ നോക്കി കാണുന്നത്.. റേഡിയോ, ടിവി മേഖലയിലും, ഐ.ടി ടൂറിസം രംഗങ്ങളിലുമുള്ള സഹകരണത്തിന് സൗദിഇന്ത്യാ ധാരണാപത്രം ഒപ്പുവെക്കും.ഡൽഹിയിലെ സൗദി ആസ്ഥാനത്തിൻറെ പുതിയ കെട്ടിടം അദ്ദേഹം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഞായറാഴ്ചയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഏഷ്യൻ പര്യടനം ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here