തെളിവെടുപ്പിനിടെ പീതാംബരന് നേരെ ചീത്ത വിളിയുമായി ജനം; കൊല്ലാന്‍ ഉപയോഗിച്ച വാളും ഇരുമ്പ് ദണ്ഡും കണ്ടെത്തി

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ മുന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനുമായി സംഭവ സ്ഥലത്ത് എത്തിയാണ് തെളിവെടുപ്പ് നടത്തിയത്. യുവാക്കളെ വെട്ടാനുപോഗിച്ച വാളും മൂന്ന് ദണ്ഡുകളുമാണ് കണ്ടെത്തിയത്. ആയുധങ്ങള്‍ പീതാംബരന്‍ തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയായി.
കൊലപാതകം നടന്ന കല്ലിയോട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ പൊട്ടക്കിണറ്റില്‍ നിന്നുമാണ് വാളും ദണ്ഡുകളും കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ആളുകള്‍ പീതാംബരനെ കൈയേറ്റം ചെയ്യുകയും ചീത്തവിളിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതിയെ സംഭവ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പീതാംബരനെ കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് താനാണെന്ന് പീതാംബരന്‍ മൊഴി നല്‍കിയതായാണ് പൊലീസ് പറയുന്നത്. സുഹൃത്തായ ആറ് പേര്‍ കൊലയില്‍ പങ്കാളികളായെന്നും പീതാംബരന്‍ സമ്മതിച്ചിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗമായിട്ടും ആക്രമിക്കപ്പെട്ടുവെന്നും ഇതിന്റെ അപമാനം താങ്ങാനാകാതെയാണ് കൊല നടത്തിയതെന്നുമാണ് പീതാംബരന്‍ പൊലീസിനോട് വിശദീകരിച്ചത്. അതേസമയം, കൊലയ്ക്ക് പിന്നില്‍ പീതാംബരന്‍ അല്ലെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്തെത്തി. പീതാംബരന്‍ ഒറ്റക്ക് കൊല ചെയ്യില്ലെന്നും പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്നുമായിരുന്നു മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. പീതാംബരന്റെ ഇടത് കൈക്ക് പരിക്കേറ്റിരുന്നു. കൈക്ക് പരുക്കേറ്റ ആള്‍ എങ്ങനെ യുവാക്കളെ വെട്ടിവീഴ്ത്തുമെന്നും മഞ്ജു ചോദിച്ചു.
പെരിയയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പീതാംബരന്റെ അറസ്റ്റ് ഇന്നലെ രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി. പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിവാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാസര്‍ഗോഡ് ഇരട്ടക്കൊലക്കേസില്‍ ആദ്യത്തെ അറസ്റ്റായിരുന്നു പീതാംബരന്റേത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here