റിയാദില്‍ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ റിയാദില്‍ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. റസിഡന്റ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവരാണ് തൊഴിലാളികളിലേറെയും. കുടിശ്ശിക ശമ്പളം നേടുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ലേബര്‍ ഓഫീസില്‍ പരാതി നല്‍കും. എണ്ണൂറിലധികം തൊഴിലാളികളാണ് ജോലിയും ശമ്പളവും ഇല്ലാതെ മാസങ്ങളായി ലേബര്‍ കാമ്പില്‍ കഴിയുന്നത്.
റസിഡന്റ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ഫൈനല്‍ എക്സിറ്റ് ലഭിക്കില്ല. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ചികിത്സ തേടാനും മാര്‍ഗമില്ല. ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വളന്റിയര്‍മാരാണ് ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. മെഡിക്കല്‍ കാമ്പും സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങളെ സമീപിച്ച് ഫൈനല്‍ എക്സിറ്റ് നേടാനുളള ശ്രമത്തിലാണ് തൊഴിലാളികള്‍.
അതേസമയം, ശമ്പളവും ആനുകൂല്യങ്ങളും നേടുന്നതിന് ലേബര്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിനുളള പരാതി സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിലുളള വളന്റിയര്‍മാര്‍ തയ്യാറാക്കി വരുകയാണ്. ആനുകൂല്യം ഇന്ത്യന്‍ എംബസി വഴി നേടുന്നതിന് സമ്മതപത്രം നല്‍കിയതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം. തൊഴിലാളികള്‍ നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് മന്ത്രി വി കെ സിംഗ് അടുത്തിടെ ലേബര്‍ കാമ്പ് സന്ദര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ എത്രയും വേഗം ഇന്ത്യയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here