Advertisement

കാസര്‍കോട്ടെ കൊലപാതകം പൈശാചികം; ഇത്തരം ചിന്താഗതിക്കാരെ സിപിഎമ്മില്‍ വെച്ചു പൊറുപ്പിക്കാനാകില്ലെന്ന് വിഎസ്

February 20, 2019
Google News 1 minute Read
v s achuthananthan

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. കാസര്‍കോട്ട് നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്.അത്തരക്കാരെ സിപിഐഎമ്മില്‍ വെച്ചുപൊറുപ്പിക്കാനാവില്ല. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിഷ്ഠുരമായ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തുക തന്നെ വേണം.

Read Also: ‘പീതാംബരന്‍ കൊല നടത്തിയത് പാര്‍ട്ടിയുടെ അറിവോടെ; പരുക്കേറ്റ അദ്ദേഹം എങ്ങനെ കൊലചെയ്യും’; സിപിഐഎമ്മിനെ വെട്ടിലാക്കി ഭാര്യയുടെ വെളിപ്പെടുത്തല്‍

നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുന്നു എന്നുറപ്പാക്കാന്‍ ക്രമസമാധാന ചുമതലയുള്ള പോലീസിന് കഴിയണമെന്നും വിഎസ് പറഞ്ഞു.കാസര്‍ഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ഇന്നലെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കുകയും ചെയ്തിരുന്നു. കൊലപാതകത്തില്‍ പീതാംബരന് പങ്കുള്ളതായി വാര്‍ത്തകള്‍ വന്നതിനു പിന്നാലെ തന്നെ സിപിഎം സംസ്ഥാന നേതൃത്വം പീതാംബരനെ തള്ളി രംഗത്തെത്തിയിരുന്നു.

Read Also: ‘ഞാനൊരു വിശുദ്ധനല്ല, തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരന്‍’; ദിവ്യ ഗോപിനാഥിന്റെ മീ ടു ആരോപണത്തില്‍ പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

അക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ ആരെങ്കിലും സിപിഎമ്മുമായി ബന്ധമുള്ളവരാണെങ്കില്‍ പാര്‍ട്ടിയുടെ യാതൊരു സഹായവും അത്തരക്കാര്‍ക്ക് നല്‍കില്ലെന്നും കോടിയേരി പറഞ്ഞു. അപമാനം മൂലമുണ്ടായ നിരാശയാണ് യുവാക്കളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറസ്റ്റിലായ പീതാംബരന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കലായിരുന്നു കൊലപാതക ലക്ഷ്യമെന്നും പീതാംബരന്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണ സംഘം ഇത് മുഴുവനായും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here